
മൊഹാലി: അബ്ദുൽ ബാസിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ ആന്ധ്രപ്രദേശിനോട് 29 റൺസിന്റെ തോൽവി വഴങ്ങി സഞ്ജു സാംസണും സംഘവും. 226 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. 35 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സുമടക്കം 70 റൺസുമായി പുറത്താകാതെ നിന്ന ബാസിത്താണ് കേരളത്തിന്റെ ടോപ് സ്കോറർ.
ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ കേരളത്തിന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനോട് പരാജയപ്പെട്ട കേരളം മഹാരാഷ്ട്രക്കെതിരെ വിജയിച്ചിരുന്നെങ്കിലും ആന്ധ്രക്കെതിരെ മികവ് ആവർത്തിക്കാനായില്ല.
മൊഹാലിയിലെ ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആന്ധ്രപ്രദേശ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് അടിച്ചുകൂട്ടിയത്. സീറാം വെങ്കട്ട രാഹുൽ (30 പന്തിൽ 64), ഷൈക് റഷീദ് (39 പന്തിൽ 60) എന്നിവരുടെ അർധസെഞ്ചറികളാണ് ആന്ധ്രക്ക് കരുത്തായത്.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കേരളത്തിന് വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല. 13 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റൺസെടുത്ത സഞ്ജു, പി.വി. സത്യനാരായണ രാജുവിന്റെ പന്തിൽ അദ്ദേഹത്തിന് തന്നെ ക്യാച്ച് നൽകി മടങ്ങി. പിന്നാലെ രോഹൻ കുന്നുമ്മലും (4) പുറത്തായതോടെ കേരളം സമ്മർദത്തിലായി.
ഗോവിന്ദ് ദേവ് പൈ (25 പന്തിൽ 36), വിഷ്ണു വിനോദ് (14 പന്തിൽ 13) എന്നിവർ ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിക്കാൻ ശ്രമിച്ചു. എന്നാൽ, ഇരുവരും പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അബ്ദുൽ ബാസിത്തിലായി.
ആദ്യ പന്തുകൾ മുതൽ ആക്രമിച്ചുകളിച്ച ബാസിത്ത് ആന്ധ്ര ബൗളർമാരെ തുടർച്ചയായി അതിർത്തി കടത്തി. 17ാം ഓവറിൽ തുടർച്ചയായ നാല് പന്തുകൾ ബൗണ്ടറി കടത്തിയ താരം കേരളത്തിന് വിജയപ്രതീക്ഷ നൽകി. എന്നാൽ, മറുവശത്ത് വിക്കറ്റുകൾ വീണതും ആവശ്യമായ റൺനിരക്ക് ഉയർന്നതും തിരിച്ചടിയായി.
അവസാന ഓവറുകളിൽ മുഹമ്മദ് ഷറഫുദ്ദീനെ കൂട്ടുപിടിച്ച് ബാസിത്ത് നടത്തിയ പോരാട്ടവും ലക്ഷ്യത്തിലെത്തിയില്ല. ഷറഫുദ്ദീൻ 13 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 29 പന്തിൽ 71 റൺസാണ് കൂട്ടിച്ചേർത്തത്. ആന്ധ്രക്കായി കെ.വി. ശശികാന്തും കെ.എസ്. നരസിംഹ രാജുവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ആന്ധ്രയുടെ ഓപ്പണർമാരായ ഷൈക് റഷീദും ഹേമന്ത് റെഡ്ഡിയും ചേർന്ന് 5.1 ഓവറിൽ 54 റൺസാണ് അടിച്ചെടുത്തത്. ഹേമന്തിനെയും (32) പിന്നാലെയെത്തിയ നായകൻ റിക്കി ഭുവിയെയും (1) ബിജു നാരായണൻ പുറത്താക്കിയെങ്കിലും കേരളത്തിന് ആ മേൽക്കൈ നിലനിർത്താനായില്ല.
റഷീദും സീറാം രാഹുലും ചേർന്ന് മൂന്നാം വിക്കറ്റിൽ 42 പന്തിൽ 69 റൺസ് കൂട്ടിച്ചേർത്തു. റഷീദിനെ അബ്ദുൽ ബാസിത്ത് മടക്കിയെങ്കിലും പിന്നാലെയെത്തിയ അശ്വിൻ ഹെബ്ബാർ 15 പന്തിൽ 37 റൺസുമായി ആഞ്ഞടിച്ചു. രാഹുലിനൊപ്പം 18 പന്തിൽ 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹെബ്ബാറിന്റെ പ്രകടനം ആന്ധ്രയുടെ സ്കോർ 200 കടത്തുന്നതിൽ നിർണായകമായി. ഏഴു പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്ന കെ.എസ്. നരസിംഹ രാജുവും അവസാന ഓവറുകളിൽ തിളങ്ങി.
കേരളത്തിനായി എം.ഡി. നിധീഷ് മൂന്ന് വിക്കറ്റും ബിജു നാരായണൻ രണ്ടു വിക്കറ്റും വീഴ്ത്തി. ബാസിത്തും കാർത്തിക് ബി. നായരും ഓരോ വിക്കറ്റ് വീതം നേടി.
മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള കേരളം ഗ്രൂപ്പ് സിയിൽ അഞ്ചാം സ്ഥാനത്താണ്. നവംബർ 20ന് ത്രിപുരക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
