Cricket

വൈഭവിന് ചരിത്ര നേട്ടത്തിനൊപ്പം നിരാശ; ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ തോൽവി



ഇൻഡോർ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ക്യാപ്റ്റനായി അരങ്ങേറിയ വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തിൽ തോൽവി. ഇൻഡോറിൽ സൗരാഷ്ട്രക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ബിഹാർ പരാജയപ്പെട്ടത്. മത്സരത്തിൽ ബിഹാർ ഉയർത്തിയ 138 റൺസ് സൗരാഷ്ട്ര 21 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.

മത്സരത്തിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച വൈഭവ് ടോസ് നേടിയതോടെ ബാറ്റിങ് തെരഞ്ഞെടുത്തു. പുരുഷ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന നേട്ടം കൗമാരതാരം സ്വന്തമാക്കി. വൈഭവിന്‍റെ പ്രായം 15 വർഷവും 232 ദിവസവും. ഇതോടെ 17 വർഷവും 311 ദിവസവും പ്രായമുള്ളപ്പോൾ ദേശീയ ടീമിനെ നയിച്ച ക്രൊയേഷ്യയുടെ സാക്ക് വുകുസിച്ചിന്‍റെ റെക്കോഡാണ് താരം മറികടന്നത്.

ചരിത്ര നേട്ടം സ്വന്തമാക്കിയെങ്കിലും വൈഭവിന് മത്സരത്തിൽ തിളങ്ങാനായില്ല. ഓപ്പണറായി ഇറങ്ങിയ താരത്തിന് 12 പന്തിൽ 18 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ക്യാപ്റ്റന് പുറമെ മറ്റ് താരങ്ങളും വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ബിഹാർ നിരയിൽ ആർക്കും അർധ സെഞ്ച്വറി നേടാൻ സാധിച്ചില്ല. 27 പന്തിൽ 38 റൺസെടുത്ത പ്രിത്വി ശോഭിത് രാജനാണ് ടോപ് സ്‌കോറർ. അല്താമിഷ് അഷ്‌റഫ് (24), രഘുവേന്ദ്ര പ്രതാപ് സിങ് (14) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

സൗരാഷ്ട്രക്ക് വേണ്ടി പ്രേരക മങ്കാദും ചേതൻ സകരിയയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ക്രൈൻസ് ഭവേഷഭായ് ഫുലെത്ര, ക്യാപ്റ്റൻ ജയദേവ് ഉനദ്കട് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ സൗരാഷ്ട്രക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ബിഹാർ തുടരെ വിക്കറ്റുകൾ വീഴ്ത്തി വെല്ലിവിളിയുയർത്തി. എന്നാൽ, ഹാർവൻഷ് പങ്കാലിയ (33), സിദ്ധാന്ത് റാണ (പുറത്താകാതെ 21), ഹാർവിക് ദേശായി (21), രുചിത് അഹിർ (പുറത്താകാതെ 21) എന്നിവർ തിളങ്ങിയതോടെ സൗരാഷ്ട്ര വിജയം സ്വന്തമാക്കുകയായിരുന്നു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.