ഇന്ത്യക്ക് തിരിച്ചടി; കിവീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്



മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ഏറ്റ പരിക്ക് പൂർണമായി ഭേദമാവാത്തതാണ് താരത്തിന് വിനയായത്. നവംബർ നാല് മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് പ്രസിദ്ധിനെ ഏകദിനത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ അറിയിച്ചു. നവംബർ ഒന്നിനും രണ്ടിനും താരത്തിന് ഫിറ്റ്നസ് ടെസ്റ്റ് നിശ്ചയിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.

”പ്രസിദ്ധിന്റെ പരിക്ക് ഭേദമായി വരികയാണ്. നവംബര്‍ 1, 2 തീയതികളില്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ അദ്ദേഹത്തിന്റെ മാച്ച് സിമുലേഷനും ഫിറ്റ്നസ് ടെസ്റ്റും നിശ്ചയിച്ചിട്ടുണ്ട്. ഏകദിനങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ പ്രസിദ്ധിന്റെ സേവനം കൂടുതല്‍ ആവശ്യമായി വരുന്നത്. ടെസ്റ്റിൽ ഫിറ്റ്നസ് തെളിയിച്ചാലും താരത്തെ ഉടനടി ഏകദിന പരമ്പരയിൽ കളിപ്പിക്കില്ല,” ബി.സി.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.

വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരക്കിടെയാണ് പ്രസിദ്ധിന് ഹാംസ്ട്രിങ് പരിക്ക് പറ്റിയത്. ഗുവാഹത്തിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ പന്തെറിയുന്നതിനിടെയായിരുന്നു ഇത്. തുടർന്ന് മത്സരത്തിൽ പേസർക്ക് തന്റെ സ്പെൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

പ്രസിദ്ധിന്റെ പകരക്കാരനെ ബി.സി.സി.ഐ ഉടൻ പ്രഖ്യാപിച്ചേക്കും. ജമ്മു കാശ്മീർ പേസർ ആഖിബ് നബിക്കാണ് കൂടുതൽ സാധ്യത. ന്യൂസിലൻഡ് ‘എ’ക്കെതിരെയുള്ള അനൗദ്യോഗിക മത്സരത്തിൽ താരം മികച്ച പ്രകടനം നടത്തിയിരുന്നു.

അതേസമയം, പ്രസിദ്ധ് പുറത്തായതോടെ ഇന്ത്യയുടെ പേസ് ബൗളിങ് നിര കൂടുതൽ ദുർബലമാക്കും. മുഹമ്മദ് സിറാജ് മാത്രമാണ് 50 ഏകദിന മത്സരങ്ങളെങ്കിലും കളിച്ച ടീമിലെ ഏക താരം. ടീമിൽ ഉൾപ്പെട്ട അർഷ്ദീപ് സിങ്ങും അൻഷുൽ കംബോജും കൂടി 20 മത്സരങ്ങൾക്ക് താഴെയാണ് കളിച്ചിട്ടുള്ളത്. വർക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി ജസ്പ്രീത് ബുംറക്ക് വിശ്രമമനുവദിച്ചിരിക്കുകയാണ്.



© Madhyamam