
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ത്യയുടെ വിജയ വണ്ടി വെല്ലിങ്ടണിൽ. ശക്തമായ കാറ്റിന് പേരുകേട്ട ബേസിൻ റിസർവ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം മത്സരത്തിലും ജയം തുടർന്നാൽ ഇന്ത്യക്ക് 3-0ത്തിന്റെ അഭേദ്യ ലീഡ് സ്വന്തമാക്കാം. അഞ്ച് മത്സര പരമ്പര അടിയറവ് വെക്കാതിരിക്കാൻ ആതിഥേയരായ കിവികൾക്കിത് ജീവന്മരണ പോരാട്ടമാണ്. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും സന്ദർശകർ നാല് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു.
നാലുവർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ സീനിയർ പേസർ ഭുവനേശ്വർ കുമാറിലാണ് ശ്രദ്ധ മുഴുവൻ. തന്റെ നാല് ഓവർ സ്പെല്ലുകളിൽ യഥാക്രമം 49, 50 റൺസ് വീതം വഴങ്ങിയ ഭുവി, 12.37 എന്ന മോശം ഇക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്. നേടാനായത് ഒരു വിക്കറ്റ് മാത്രം. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ബാറ്റർ ഇഷാൻ കിഷൻ മൂന്നാം മത്സരത്തിലും കളിക്കില്ലെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ കൗമാര താരം വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം ലഭിക്കും. കഴിഞ്ഞ കളിയിൽ മൂന്നാം നമ്പറിൽ ഇറങ്ങിയ വൈഭവിന് തിളങ്ങാനായിരുന്നില്ല. താരത്തിന് ഓപണറായി സ്ഥാനക്കയറ്റം നൽകണമെന്ന ആവശ്യം ചില കോണുകളിൽ നിന്നുയരുന്നുണ്ട്.
സഞ്ജു സാംസൺ-അഭിഷേക് ശർമ വിജയ ജോടിയെ ഇളക്കാൻ ടീം മാനേജ്മെന്റ് തയാറാവുമോ എന്ന് കണ്ടറിയണം. വെല്ലിങ്ടണിലെ കാറ്റ് ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ വെല്ലുവിളിയാണ്. മിച്ചൽ സാന്റ്നർ നയിക്കുന്ന കിവീസ് മൂന്നാം മത്സരം ജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിർത്താനുള്ള ശ്രമമാവും നടത്തുക.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, അക്ഷർ പട്ടേൽ, ശിവം ദുബെ, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, മായങ്ക് യാദവ്, നമൻ ധിർ, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, കുമാർ കുശാഗ്ര.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ആഡം മിൽനെ, ജേക്കബ് ഡഫി, മൈക്കൽ ബ്രേസ് വെൽ, മാറ്റ് ഫിഷർ, കൈൽ ജാമിസൻ, ടിം സീഫെർട്ട്, ഗ്ലെൻ ഫിലിപ്സ്, ബ്ലെയർ ടിക്ക്നർ, ജോഷ് ക്ലാർക്സൺ, ഫിൻ അലൻ, നതാൻ സ്മിത്ത്, ബിവോൺ ജേക്കബ്സ്.
