ഗില്ലിനും രോഹിതിനും സെഞ്ച്വറി; വിൻഡീസിനെ പഞ്ഞിക്കിട്ട് ഇന്ത്യൻ ഓപ്പണർമാർ



ഗുവാഹത്തി: വെസ്റ്റിൻഡീസ് ഉയർത്തിയ 406 റൺസിന്റെ ഹിമാലയൻ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം. നായകൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും തകർപ്പൻ സെഞ്ച്വറികളുമായി തിളങ്ങിയതോടെ കരീബിയൻ ബോളിങ് നിരയെ നിഷ്പ്രഭമാക്കി ഇന്ത്യ റെക്കോർഡ് ജയത്തിലേക്ക് കുതിക്കുന്നു. വെറും 62 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച ഗില്ലും കരിയറിലെ 35-ാം ഏകദിന ശതകം കുറിച്ച രോഹിതും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

വെറും 68 ഇന്നിങ്സുകളിൽ നിന്ന് 11-ാം ഏകദിന സെഞ്ച്വറിയാണ് ഗുവാഹത്തിയിൽ ഇന്ത്യൻ നായകൻ കുറിച്ചത്. വിരാട് കോഹ്‌ലിയെക്കാൾ (82 ഇന്നിങ്സുകൾ) വേഗത്തിലാണ് ഗില്ലിന്റെ ഈ ചരിത്ര നേട്ടം. ഫിഫ്റ്റി പിന്നിട്ടാൽ അത് സെഞ്ച്വറിയാക്കി മാറ്റുന്ന ഗില്ലിന്റെ കൺവേർഷൻ റേറ്റ് 35.5 ശതമാനമാണ്.

മറുഭാഗത്ത് തകർപ്പൻ ഫോം തുടർന്ന രോഹിത് ശർമ 35-ാം ഏകദിന ശതകം അടിച്ചെടുത്തതിനൊപ്പം ഏകദിനത്തിൽ 12,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. 282 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. വിരാട് കോഹ്‌ലിക്ക് (242 ഇന്നിങ്സ്) ശേഷം ഏറ്റവും വേഗത്തിൽ 12,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്, മൂന്ന് താരങ്ങളുടെ സെഞ്ച്വറി മികവിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് അടിച്ചുകൂട്ടിയത്. ജോൺ കാംപെൽ (101), ഷായ് ഹോപ് (104), ആമിർ ജങ്കൂ (114) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തിയത്.

ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരം ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.



© Madhyamam