
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 314 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 49.2 ഓവറിൽ 313 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
ഹസൻ നവാസ് (82 പന്തിൽ 79), ഫർഹാൻ യൂസഫ് (48 പന്തിൽ 56), മാഅസ് സദാഖത്ത് (63 പന്തിൽ 59) എന്നിവരുടെ അർധ സെഞ്ച്വറികളാണ് പാകിസ്താൻ സ്കോർ 300 കടത്തിയത്.
ഷമിൽ ഹുസെയ്ൻ (23 പന്തിൽ 33), അബ്ദുൽ സമദ് (35 പന്തില്‍ 28), മുഹമ്മദ് ഇംറാൻ (14 പന്തില്‍ 23) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. പാകിസ്താൻ എക്കായി ഓപ്പണർമാരായ ഷാമിൽ ഹുസൈനും സദാഖത്തും മികച്ച തുടക്കം നൽകി. 7.5 ഓവറിൽ ഇരുവരും 66 റൺസാണ് അടിച്ചെടുത്തത്. 23 പന്തിൽ 33 റൺസെടുത്ത ഷാമിലിനെ പുറത്താക്കി ആയുഷ് ബദോനിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ഹർഷിത് റാണ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ റൊഹെയ്ൻ നസീർ പൂജ്യത്തിന് മടങ്ങി. എന്നാൽ സദാഖത്തും ഹസൻ നവാസും ചേർന്നതോടെ പാക്കിസ്താൻ 100 പിന്നിട്ടു.
മധ്യനിര താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ അബ്ദുൽ സമദ് 35 പന്തിൽ 28 റൺസെടുത്ത് റണ്ണൗട്ടായി. സാദ് മസൂദ് (13 പന്തിൽ ഒമ്പത്), അഹ്മദ് ദാനിയൽ (ഒമ്പതു പന്തിൽ എട്ട്), അലി റാസ (മൂന്നു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. സൂഫിയാൻ മുഖീം അഞ്ചു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹർഷിത് റാണ, പ്രിൻസ് യാദവ്, സൂര്യാൻഷ് ഷെഡ്ഗെ, വിപ്രാജ് നിഗം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആയുഷ് ബദോനിക്ക് ഒരു വിക്കറ്റുണ്ട്.
പ്ലെയിങ് ഇലവൻ
ഇന്ത്യ എ ടീം -വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ആയുഷ് ബദോനി, തിലക് വർമ (ക്യാപ്റ്റൻ), കുമാർ കുശാഗ്ര, റിങ്കു സിങ്, സുര്യാൻഷ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷിത് റാണ, പ്രിൻസ് യാദവ്.
പാകിസ്താൻ എ ടീം– ഷാമില്‍ ഹുസൈൻ, മാഅസ് സദാഖത്ത്, റൊഹെയ്ൻ നസീർ, ഹസൻ നവാസ്, അബ്ദുൽ സമദ് (ക്യാപ്റ്റൻ), ഫർഹാൻ യൂസഫ്, മുഹമ്മദ് ഇംറാൻ, സാദ് മസൂദ്, അഹമ്മദ് ദാനിയൽ, സുഫിയാൻ മുഖീം, അലി റാസ.
