
ട്വന്റി 20 ക്രിക്കറ്റിൽ 15000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലർ. കഴിഞ്ഞ ദിവസം സോഫിയ ഗാർഡ്സ്നിൽ നടന്ന ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരത്തിനിടെയാണ് താരത്തിന്റെ ചരിത്രനേട്ടം. മത്സരത്തിൽ ഓപ്പണറായി എത്തിയ ബട്ലർ 16 പന്തുകളിൽ ഒരു സിക്സറും നാല് ഫോറുകളുമടക്കം 30 റൺസാണ് സ്കോർ ചെയ്തത്.
497 ഇന്നിങ്സുകളിൽ 147. 46 സ്ട്രൈക്ക് റേറ്റിലും 35.46 ശരാശരിയിലും ബാറ്റ് ചെയ്താണ് ഇംഗ്ലീഷ് താരം ട്വന്റി20യിൽ 15000 റൺസ് പൂർത്തിയാക്കിയത്. ഇംഗ്ലണ്ട്, ലങ്കാഷയർ, മാഞ്ചസ്റ്റർ ഒറിജിനൽസ്, മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ്, സോമർസെറ്റ്, പാൾ റോയൽസ്, മുംബൈ ഇന്ത്യൻസ്, സിഡ്നി തണ്ടർ, കോമില്ല വിക്ടോറിയൻസ്, ഡർബൻസ് സൂപ്പർ ജയന്റ്സ്, മെൽബൺ റെനഗേഡ്സ്, ഇംഗ്ലണ്ട് ലയൺസ് എന്നീ ടീമുകൾക്കായി താരം കളത്തിലിറങ്ങിയിട്ടുണ്ട്.
ഇതോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡിനെ മറികടന്ന് ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ബട്ലർ മാറി. 671 ഇന്നിങ്സുകളിൽ കളിച്ചിട്ടുള്ള പൊള്ളാർഡിന് 14999 റൺസാണുള്ളത്.
അതേസമയം, മത്സരത്തിൽ ആറ് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ലങ്കൻ ടീം ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം ടീം 47 പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. ഇത് അന്താരാഷ്ട്ര ട്വന്റി20 യിൽ ലങ്കക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ തുടർച്ചയായ 14 -ാം വിജയമാണ്. പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം സെപ്റ്റംബർ 19ന് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.
