
ലാഹോർ: ഓൺലൈൻ ചൂതാട്ട ആരോപണവുമായി ബന്ധപ്പെട്ട് പാകിസ്താൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നൽകിയ ചോദ്യാവലിക്ക് ശക്തമായ മറുപടിയുമായി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. തനിക്കെതിരായ അന്വേഷണത്തിന്റെ അടിസ്ഥാനം എന്താണെന്ന് മറുപടിയിൽ ചോദ്യം ചെയ്ത താരം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി വിരുദ്ധ വിഭാഗം എന്തുകൊണ്ട് വിഷയം അന്വേഷിക്കുന്നില്ലെന്നും ചോദിച്ചു.
“ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ എന്റെ കഴിവിന്റെ പരമാവധി ഞാൻ പാകിസ്താൻ ടീമിനെ സേവിച്ചിട്ടുണ്ട്,” റിസ്വാൻ സമർപ്പിച്ച മറുപടിയിൽ പറയുന്നു. തന്നെ ബന്ധപ്പെടുത്തി പറയുന്ന ഓൺലൈൻ ചൂതാട്ട സംഭവത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും, തനിക്കെതിരായ ആരോപണങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ താരം ആവശ്യപ്പെട്ടു.
“സജീവമായി ക്രിക്കറ്റ് കളിക്കുന്ന ഒരാളായിരുന്നിട്ടും എന്തുകൊണ്ടാണ് ആരോപണങ്ങൾ ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കാതിരുന്നത്?. ഇത്തരമൊരു കേസിൽ എൻ.സി.സി.ഐ.എ എന്തിനാണ് അന്വേഷണം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. അന്വേഷണത്തോട് സഹകരിക്കുന്നതിനായി എനിക്കെതിരായ ആരോപണങ്ങളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാക്കണം,” റിസ്വാൻ വ്യക്തമാക്കി. അതിനിടെ, എൻ.സി.സി.ഐ.എയുടെ അധികാരപരിധിയെ ചോദ്യം ചെയ്ത് റിസ്വാൻ നൽകിയ ഹരജി ലാഹോർ ഹൈക്കോടതി തള്ളി.
ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തി നൽകി എന്ന ആരോപണവുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങൾക്ക് മുൻപ് റിസ്വാനും സഹതാരം ഇമാം ഉൾ ഹഖും ലാഹോറിലെ എൻ.സി.സി.ഐ.എ ഓഫീസിൽ ഹാജരായിരുന്നു. ഇമാം ചോദ്യാവലിക്ക് മറുപടി നൽകിയപ്പോൾ, റിസ്വാൻ കോടതിയെ സമീപിക്കുകയാണ് ചെയ്തത്.
ഇംഗ്ലണ്ട് പര്യടനത്തിലെ പാകിസ്താന്റെ ദയനീയ പരാജയത്തിന് പിന്നാലെയാണ് ടീമിൽ വിവാദങ്ങൾ തലപൊക്കിയത്. ഇംഗ്ലീഷ് മണ്ണിൽ ആദ്യമായി 0-3 ന് പരമ്പര കൈവിട്ടതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) റിസ്വാനും ഇമാമും അടക്കം ഏഴ് താരങ്ങളെ പാതിവഴിയിൽ വെച്ച് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഈ കളിക്കാരുടെ മൊബൈൽ ഫോണുകൾ പി.സി.ബി അന്വേഷണ ഏജൻസികൾക്ക് കൈമാറി എന്നാണ് റിപ്പോർട്ട്. ടീമിൽ മറ്റ് ഏഴ് താരങ്ങളെ ഉൾപ്പെടുത്തിയ ബോർഡ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി എൻ.സി.സി.ഐ.എ നിലവിൽ താരങ്ങളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് പരിശോധിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപും ശേഷവുമുള്ള സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ പണത്തിന്റെ ഉറവിടം ഉൾപ്പെടെ അന്വേഷിക്കാനാണ് ഏജൻസിയുടെ തീരുമാനം.
