തു​ട​രു​ന്ന വൈ​ഭ​വ വി​സ്മ​യം: ദു​ലീ​പ് ട്രോ​ഫി​യി​ൽ 57 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ് തി​രു​ത്തി



ബം​ഗ​ളൂ​രു: വൈ​ഭ​വ് സൂ​ര്യ​വം​ശി ബാ​റ്റ് വെ​ക്കു​ന്നി​ട​ത്തെ​ല്ലാം ഇ​പ്പോ​ൾ റെ​ക്കോ​ഡാ​ണ് പി​റ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലും ഐ.​പി.​എ​ല്ലി​ലും യൂ​ത്ത് ക്രി​ക്ക​റ്റി​ലും ക​ണ്ട റെ​ക്കോ​ഡ് വേ​ട്ട ഇ​ത്ത​വ​ണ ദു​ലീ​പ് ട്രോ​ഫി​യി​ലും ക​ണ്ടു. 57 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡാ​ണ് 15കാ​ര​ൻ ഇ​ത്ത​വ​ണ സ്വ​ന്തം പേ​രി​ലെ​ഴു​തി​ച്ചേ​ർ​ത്ത​ത്.

സെ​മി ഫൈ​ന​ലി​ൽ ഈ​സ്റ്റ് സോ​ൺ നാ​യ​ക​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ള​ത്തി​ലെ​ത്തി​യ വൈ​ഭ​വ് മ​റ്റൊ​രു വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ് ത​ച്ചു​ട​ച്ചു. ദു​ലീ​പ് ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അ​ർ​ധ സെ​ഞ്ച്വ​റി​ക്കാ​ര​നും ഇ​നി വൈ​ഭ​വ്. 42 പ​ന്തി​ൽ 50 തി​ക​ച്ച വൈ​ഭ​വ്, 1969ൽ ​ല​ക്ഷ്മ​ൺ സി​ങ് കു​റി​ച്ച റെ​ക്കോ​ഡാ​ണ് തി​രു​ത്തി​യ​ത്.

ദു​ലീ​പ് ട്രോ​ഫി​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അ​ർ​ധ​സെ​ഞ്ച്വ​റി​ക്കാ​ര​നാ​യി ല​ക്ഷ്മ​ൺ സി​ങ് മാ​റു​മ്പോ​ൾ 16 വ​യ​സ്സും 23 ദി​വ​സ​വു​മാ​യി​രു​ന്നു പ്രാ​യം. വൈ​ഭ​വ് 15 വ​യ​സ്സും 157 ദി​വ​സ​വും പ്രാ​യ​ത്തി​ൽ ആ ​റെ​ക്കോ​ഡ് തി​രു​ത്തി. മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് സോ​ണി​ന്റെ ടോ​പ് സ്കോ​റ​റാ​യി മാ​റി​യ താ​രം 81 പ​ന്തി​ൽ 92 റ​ൺ​സു​മാ​യാ​ണ് മ​ട​ങ്ങി​യ​ത്. ഏ​ഴ് സി​ക്സ​റും ഏ​ഴ് ബൗ​ണ്ട​റി​യും ഇ​തി​ന​കം പി​റ​ന്നു.

എ​തി​രാ​ളി​ക​ളാ​യ സെ​ൻ​ട്ര​ൽ സോ​ൺ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ 266 റ​ൺ​​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഈ​സ്റ്റ് സോ​ൺ അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ന്റെ​യും (69), വൈ​ഭ​വി​ന്റെ​യും മി​ക​വി​ൽ അ​തേ സ്കോ​റി​ൽ (266) ഇ​ന്നി​ങ്സ് അ​വ​സാ​നി​പ്പി​ച്ച​തും അ​പൂ​ർ​വ​ത​യാ​യി. ര​ണ്ടാം ഇ​ന്നി​ങ്സ് ആ​രം​ഭി​ച്ച സെ​ൻ​ട്ര​ൽ സോ​ൺ മൂ​ന്നി​ന് 45 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.



© Madhyamam