
ഡേവിഡ് വാർണർ
സിഡ്നി: മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ കുറ്റം സമ്മതിച്ച് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണർ. കഴിഞ്ഞദിവസം കോടതിയിൽ ഹാജരായ താരത്തിന്‍റെ അഭിഭാഷകൻ ബോബി ഹില്ലാണ്, കുറ്റകൃത്യത്തിന്‍റെ പൂർണ ഉത്തരവാദിത്തം വാർണർ ഏറ്റെടുക്കുന്നതായി അറിയിച്ചത്.
കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സിഡ്നിയിലെ കിഴക്കൻ പ്രാന്തപ്രദേശത്ത് നടന്ന വാഹ പരിശോധനക്കിടെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് വാർണറെ പൊലീസ് പിടികൂടുന്നത്. റോഡരികിലെ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് താരത്തെ മറൗബ്ര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.104 ആണെന്ന് കണ്ടെത്തി. ഇത് നിയമപരമായ പരിധിയേക്കാൾ കൂടുതലാണ്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് താരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മദ്യലഹരിയിലായിരിക്കെ ടാക്സി വിളിക്കുന്നതിന് പകരം സ്വന്തമായി കാർ ഓടിച്ചുപോകാനുള്ള വാർണറുടെ തീരുമാനം അത്യന്തം ഗുരുതരമായ കുറ്റകൃത്യമാമെന്ന് താരത്തിന്‍റെ അഭിഭാഷകൻ കോടതയിൽ അറിയിച്ചു. ഈസ്റ്റർ സൺഡേ പോലെ വിശേഷപ്പെട്ട ഒരു ദിവസം മദ്യപിക്കുന്നതിൽ തെറ്റില്ലെങ്കിലും വാഹനമോടിക്കാനുള്ള വാർണറുടെ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ആഗസ്റ്റ് 18ന് കോടതി വധി പറയും. കുറഞ്ഞത് ആറ് മാസത്തേക്ക് താരത്തിന്‍റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. കൂടാതെ, 2,200 ഓസീസ് ഡോളർ വരെ പിഴയോ അല്ലെങ്കിൽ പരമാവധി ഒമ്പത് മാസം വരെ തടവ് ശിക്ഷയോ ലഭിക്കാനും സാധ്യതയുണ്ട്.
താരം നേരത്തെയും വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചതിന് ക്രിക്കറ്റിൽനിന്ന് താരത്തെ 12 മാസം വിലക്കിയിരുന്നു. 2013ൽ ബർമിങ്ഹാമിൽ വെച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോ റൂട്ടുമായി കൈയാങ്കളിയിൽ ഏർപ്പെട്ടതിനും താരം അച്ചടക്ക നടപടി നേരിട്ടിരുന്നു.
നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്ന വാർണർ, ഓസീസിനായി 112 ടെസ്റ്റും 161 ഏകദിനങ്ങളും 110 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2024ലാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വാർണർ ഇപ്പോഴും സജീവമാണ്.
