
ലണ്ടൻ: ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിത ടീം. ഈ മൈതാനം വേദിയായ ആദ്യ വനിത ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്തു ഹർമൻപ്രീത് കൗറും സംഘവും. ഇന്ത്യ കുറിച്ച 457 റൺസ് ലക്ഷ്യം പിന്തുടർന്ന ആതിഥേയർ നാലാമത്തെയും അവസാനത്തെയും ദിനം രണ്ടാം ഇന്നിങ്സിൽ വെറും 186 റൺസിന് എല്ലാവരും പുറത്തായി. സ്കോർ: ഇന്ത്യ 285 & 341/7 ഡിക്ല., ഇംഗ്ലണ്ട് 170 & 186. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ പേസർ ക്രാന്തി ഗൗഡാണ് കളിയിലെ താരം.
ആറ് വിക്കറ്റിന് 130 റൺസെന്ന നിലയിലാണ് തിങ്കളാഴ്ച ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. അർധ ശതകവുമായി ക്രീസിലുണ്ടായിരുന്ന ആമി ജോൺസിനെ (54) സ്നേഹ് റാണ മടക്കി. കൂടെയുണ്ടായിരുന്ന സോഫി എക്കിൾസ്റ്റൺ (50) ഞൊടിയിടയിൽ നേടിയ അർധ ശതകമാണ് ഇംഗ്ലണ്ടിനെ 186ലെത്തിച്ചത്. സോഫി പത്താമതായി സ്നേഹിന് വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യയുടെ വിജയാഘോഷം. സ്പിന്നറായ സ്നേഹ് നാല് വിക്കറ്റ് നേടി. സയാലി സത്ഘാരെയും ക്രാന്തിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി യാസ്തിക ഭാട്യ (113) സെഞ്ച്വറി നേടിയിരുന്നു. ട്വന്റി20 പരമ്പര 1-2ന് അടിയറവ് വെച്ചതിന് പിന്നാലെയാണ് ഹർമൻ സംഘം ഏക ടെസ്റ്റിന് ഇറങ്ങിയത്.
