
മാഞ്ചസ്റ്റർ: കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിലാണ് പതിനഞ്ചുകാരൻ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിച്ചത്.
ഇന്ത്യക്കായി അന്താരാഷ്ട്ര സീനിയർ ക്രിക്കറ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ വൈഭവിന്റെ പേരിലായി. ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് താരം മറികടന്നത്. വൈസ് ക്യാപ്റ്റൻ തിലക് വർമ വൈഭവിന് അരങ്ങേറ്റ ക്യാപ് കൈമാറി. ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരമാണ് ഓൾഡ് ട്രാഫോർഡിൽ നടക്കുന്നത്. വൈഭവിന് അവസരം നൽകണമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
മലയാളി താരം സഞ്ജു സാംസണ് പകരമാണ് വൈഭവ് ടീമിലെത്തിയത്. അയർലൻഡിനെതിരായ രണ്ടുകളികളിലും ഇംഗ്ലണ്ടിനെതിരെ ഉപക്ഷേിച്ച ആദ്യ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. സഞ്ജു പരാജയപ്പെട്ട മൂന്ന് കളികളിൽ 49ഉം 59ഉം റൺസടിച്ച അഭിഷേക് ശർമ സ്വന്തം സ്ഥാനം സേഫാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ചെറുസ്കോറുകൾക്കൊപ്പം മധ്യനിരയിൽ തിലക് വർമയുടെ മെല്ലെപ്പോക്കും ടീമിന് തിരിച്ചടിയാണ്. പുതിയ ട്വന്റി20 നായകൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ശിവം ദുബെയും കൂടെ ചേരുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് നിര. പേസർമാരായി അർഷദീപ് സിങ്, ഹർഷിത് റാണ എന്നിവരും സ്പിൻവിഭാഗത്തിൽ അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി എന്നിവരുമുണ്ടാവും. ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിൽ പേസർ ജോഫ്ര ആർച്ചർ തിരിച്ചെത്തും. പേസർ ജോഷ് ടോങ് അരങ്ങേറ്റം കുറിച്ചേക്കും.
സാധ്യത ടീം-ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷദീപ് സിങ്, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ഫിൽ സാൾട്ട്, ജോസ് ബട്ലർ, ഹാരി ബ്രൂക്, ജേക്കബ് ബെതൽ, ടോം ബാന്റൺ, സാമ കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടോങ്.
