
ബെൽഫാസ്റ്റ് (അയർലൻഡ്): ഇന്ത്യയുടെ പുതിയ ട്വന്റി20 നായകൻ ശ്രേയസ്സ് അയ്യരുടെ പ്രഥമ ദൗത്യത്തിന് വെള്ളിയാഴ്ച തുടക്കം. അയർലൻഡിനെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ട്വന്റി20 ഇന്ന് നടക്കും. സൂര്യകുമാർ യാദവിനെ മാറ്റി ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിച്ച ശ്രേയസ്സ് സംഘത്തിലെ പ്രധാന ആകർഷണം കൗമാര വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശിയാണ്. ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാനുള്ള ഒരുക്കത്തിലാണ് 15കാരൻ.
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ഇഷാൻ കിഷനും സംഘത്തിലുള്ളതിനാൽ വൈഭവിനെ എങ്ങിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്റ്. വൈഭവിനെ ഓപണറാക്കുകയാണെങ്കിൽ സഞ്ജുവോ അഭിഷേകോ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറങ്ങേണ്ടിവരും. ഞായറാഴ്ചയാണ് രണ്ടാം മത്സരം.
ഇന്ത്യ: ശ്രേയസ്സ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, രവി ബിഷ്ണോയ്.
അയർലൻഡ്: ലോർക്കൻ ടക്കർ (ക്യാപ്റ്റൻ), റോസ് അഡയർ, ബെൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, സ്റ്റീഫൻ ഡോഹനി, മാത്യു ഹംഫ്രീസ്, ഗാവിൻ ഹോയ്, മാത്യു ഹോളാർഡ്, ലിയാം മക്കാർത്തി, ജയ് മൂന്ദ്ര, ഹാരി ടെക്ടർ, ടിം ടെക്ടർ, റൂബൻ വിൽസൺ.
