സെവാഗിനെ മറികടന്ന് ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്! ഓപ്പണറായി കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം



ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമായി രോഹിത് ശർമ. ശനിയാഴ്ച അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ഏറെ നാളായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്‍റെ പേരിലുള്ള റെക്കോഡാണ് ഹിറ്റ്മാൻ മറികടന്നത്. ലോക ബാറ്റർമാരിൽ രോഹിത് അഞ്ചാമതാണ്.

ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലുമായി 361 മത്സരങ്ങളിൽ 386 ഇന്നിങ്സുകളിൽനിന്നായി ഓപ്പണറായി ഇറങ്ങി 16,137 റൺസാണ് രോഹിത് നേടിയത്. 332 മത്സരങ്ങളിൽ 400 ഇന്നിങ്സുകളിൽനിന്ന് 16,119 റൺസാണ് സെവാഗിന്‍റെ സമ്പാദ്യം. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ അഫ്ഗാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ 79 റൺസ് നേടിയാണ് രോഹിത് പുറത്തായത്. രോഹിത്, യശസ്വി ജയ്സ്വാളിനൊപ്പം (86 പന്തിൽ 110) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 22.5 ഓവറിൽ 170 റൺസാണ് അടിച്ചുകൂട്ടിയത്. മത്സരം ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചു.

ജയത്തോടെ പരമ്പരയും (3-0) തൂത്തുവാരി. പ്രസിദ്ധ് കൃഷ്ണയുടെ അഞ്ച് വിക്കറ്റ് നേട്ടവും ആതിഥേയരുടെ വിജയം എളുപ്പമാക്കി. അഫ്ഗാനിസ്താൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം ഇന്ത്യക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. കേവലം 28.4 ഓവറിൽ ഇന്ത്യ ദൗത്യം പൂർത്തിയാക്കി. അഫ്ഗാൻ നായകൻ ഹഷ്മത്തുല്ല ഷഹീദിയുടെ 102 റൺസും ഇന്ത്യൻ കരുത്തിന് മുന്നിൽ നിഷ്പ്രഭമായി.

കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ഓപ്പണർമാർ

ബാറ്റർ മത്സരം റൺസ്

രോഹിത് ശർമ 361 16,137

വീരേന്ദർ സെവാഗ് 332 16,119

സചിൻ തെണ്ടുൽക്കർ 346 15,335

സുനിൽ ഗവാസ്കർ 202 12,258

ശിഖർ ധവാൻ 268 10,867

സൗരവ് ഗാംഗുലി 243 9157

ഗൗതം ഗംഭീർ 187 8148

കെ.എൽ. രാഹുൽ 136 6440

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററെന്ന റെക്കോഡ് മുൻ ശ്രീലങ്കൻ ഓൾ റൗണ്ടർ സനത് ജയസൂര്യയുടെ പേരിലാണ്. 506 മത്സരങ്ങളിൽനിന്ന് 19,298 റൺസാണ് താരം നേടിയത്. ക്രിസ് ഗെയിൽ (18,867 റൺസ്), ഡേവിഡ് വാർണർ (18,744), ഗ്രേം സ്മിത്ത് (16,950) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. 2007 ജൂൺ 23ന് ബെൽഫാസ്റ്റിൽ ഏകദിനത്തിൽ അയർലൻഡിനെതിരെയാണ് രോഹിത് ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. 38 ടെസ്റ്റകളിൽനിന്ന് 2,697 റൺസും 198 ഏകദിനങ്ങളിൽനിന്ന് 9,690 റൺസും 125 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് 3,750 റൺസും നേടിയിട്ടുണ്ട്.



© Madhyamam