ലങ്കക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം! വൈഭവ് സൂര്യവംശി 29 പന്തിൽ 94, ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോഡ്; ഇന്ത്യ എക്ക് വെടിക്കെട്ട് തുടക്കം



ധാംബുള്ള: വാക്കേറ്റ വിവാദത്തിൽ ശ്രീലങ്ക എക്ക് ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഇതുപോലൊരു മറുപടി നൽകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല! ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിൽ ലങ്കക്കെതിരെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി കുറിച്ചാണ് ലങ്കക്ക് പതിനഞ്ചുകരന്‍റെ മറുപടി.

ആറു റൺസ് അകലെയാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി വൈഭവിന് നഷ്ടമായത്. 29 പന്തിൽ 94 റൺസെടുത്താണ് താരം പുറത്തായത്. എട്ടു സിക്സും 10 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 11 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. മുഹമ്മദ് ഷിറാസ് എറിഞ്ഞ മൂന്നാം ഓവറിൽ 26 റൺസാണ് താരം അടിച്ചുകൂട്ടിയത്. വൈഭവിന്‍റെ വെട്ടിക്കെട്ട് ഇന്നിങ്സിന്‍റെ ബലത്തിൽ ഇന്ത്യ എ നിലവിൽ 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തിട്ടുണ്ട്.

മറ്റൊരു ഓപ്പണറായ പ്രിയാൻഷ് ആര്യ 29 പന്തിൽ 39 റൺസെടുത്ത് പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റിൽ 8.5 ഓവറിൽ 132 റൺസാണ് അടിച്ചെടുത്തത്. ഋതുരാജ് ഗെയ്ക്വാദും നായകൻ തിലക് വർമയുമാണ് ക്രീസിലുള്ളത്. വൈഭവിന്‍റെ വെടിക്കെട്ടിൽ ലങ്കക്കായി പന്തെറിഞ്ഞ ബൗളർമാർക്കെല്ലാം വയറുനിറച്ചു കിട്ടി. ആദ്യ പത്ത് ഓവറിനിടെ ലങ്ക അഞ്ചു ബൗളർമാരെയാണ് പരീക്ഷിച്ചത്.

ടോസ് നേടിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള ലങ്കയുടെ തീരുമാനം പാളി എന്നു തെളിയിക്കുന്ന പ്രകടനാണ് വൈഭവ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ശ്രീലങ്കൻ താരങ്ങളുമായി വൈഭവ് വാക്കേറ്റത്തി‍ൽ ഏർപ്പെട്ടത് വിവാദമായിരുന്നു. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരം ലങ്ക ജയിച്ചതിനു പിന്നാലെയായിരുന്നു സംഭവം.

മൈതാനം വിടാനൊരുങ്ങിയ വൈഭവ് പെട്ടെന്ന് പ്രകോപിതനാകുകയും ലങ്കൻ താരത്തെ പിടിച്ചുതള്ളുകയുമായിരുന്നു. ലങ്കൻ താരമായ വിഷൻ ഹലംബാഗെയുടെ ഇടപെടലാണ് അന്ന് വൈഭവിനെ ചൊടിപ്പിച്ചത്. കളി കഴിഞ്ഞു….വീട്ടിൽ പോകൂ തുടങ്ങിയ ലങ്കൻ താരത്തിന്‍റെ പരാമർശങ്ങളാണ് വൈഭവിനെ പ്രകോപിപ്പിച്ചത്. സഹതാരങ്ങളും മാച്ച് ഓഫിഷ്യലുകളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.



© Madhyamam