മന്ദാനയുടെ ബാറ്റിങ് വെടിക്കെട്ട്, പിന്നാലെ ദീപ്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം; വനിത ലോകകപ്പിൽ പാകിസ്താനെ വീഴ്ത്തി ഇന്ത്യ



ബർമിങ്ഹാം: ഐ.സി.സി വനിത ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 64 റൺസിനാണ് ഇന്ത്യ പാകിസ്താനെ തകർത്തത്. സ്മൃതി മന്ദാനയുടെ അർദ്ധ സെഞ്ച്വറി മികവിൽ ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ വെറും 17 ഓവറിൽ 106 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് പാകിസ്താന്റെ നടുവൊടിച്ചത്.

മന്ദാന – ഹർമൻപ്രീത് രക്ഷാപ്രവർത്തനം; വെടിക്കെട്ടുമായി റിച്ച

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനം തുടക്കത്തിൽ തന്നെ പാളുന്നതാണ് മൈതാനത്ത് കണ്ടത്. ആദ്യ പന്തിൽ സിക്സറടിച്ച് തുടങ്ങിയ ഷെഫാലി വർമ്മയെ (6) ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സാദിയ ഇക്ബാൽ പുറത്താക്കി. പിന്നാലെ നാലാം ഓവറിൽ തസ്മിയ റുബാബിന്റെ പന്തിൽ ജെമീമ റോഡ്രിഗസും മടങ്ങിയതോടെ ഇന്ത്യ പവർപ്ലേയിൽ പ്രതിരോധത്തിലായി.

എന്നാൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ചേർന്നതോടെ ഇന്ത്യൻ ഇന്നിങ്സിന് ജീവൻ വെച്ചു. ഇരുവരും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി. 44 പന്തിൽ 9 ഫോറുകളും 2 സിക്സറുകളും സഹിതം 68 റൺസ് അടിച്ചുകൂട്ടിയ മന്ദാന 14-ാം ഓവറിലാണ് പുറത്തായത്. പാക് ക്യാപ്റ്റൻ ഫാത്തിമ സനയുടെ ഒരു തകർപ്പൻ ക്യാച്ചിലൂടെയായിരുന്നു ഈ വിക്കറ്റ്. ഹർമൻപ്രീത് 35 പന്തിൽ 36 റൺസ് നേടി മികച്ച പിന്തുണ നൽകി. തൊട്ടടുത്ത ഓവറിൽ ഭാരതി ഫുൽമാലിയെ (1) സാദിയ ഇക്ബാൽ പുറത്താക്കി.

അവസാന ഓവറുകളിൽ പാക് ബോളർമാരെ നിലത്തുനിർത്താതെ 17 പന്തിൽ 34 റൺസടിച്ച റിച്ച ഘോഷാണ് ഇന്ത്യയെ 170/6 എന്ന മികച്ച സ്കോറിലെത്തിച്ചത്. 5 ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്സ്. അവസാന ഓവറിലാണ് റിച്ച വീണത്. ദീപ്തി ശർമ്മ 12 റൺസുമായി പുറത്താകാതെ നിന്നു.

പാക് നിരയെ എറിഞ്ഞൊതുക്കി ദീപ്തിയും ശ്രീ ചരണിയും

171 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് ഒരു ഘട്ടത്തിൽ പോലും ആധിപത്യം സ്ഥാപിക്കാനായില്ല. ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. പാക് മുൻനിരയെയും മധ്യനിരയെയും ഒരുപോലെ തകർത്തത് ദീപ്തി ശർമ്മയുടെ മാന്ത്രിക സ്പെല്ലായിരുന്നു. ഗൾ ഫിറോസ (12), ആയിഷ സഫർ (12) എന്നിവരെ തുടക്കത്തിൽ തന്നെ മടക്കിയ ദീപ്തി പിന്നീട് അലിയ റിയാസ് (18), നഷ്‌റ സന്ധു (4), തസ്മിയ റുബാബ് (0) എന്നിവരെയും പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

ദീപ്തിക്ക് മികച്ച പിന്തുണ നൽകിയ ശ്രീ ചരണി എട്ടാം ഓവറിൽ സൈറ ജബീനെ (2) പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് നതാലിയ പർവേസ് (7), റമീൻ ഷമീം (4) എന്നിവരെയും ചരണി കൂടാരം കയറ്റിയതോടെ പാകിസ്താൻ 17 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഈ വമ്പൻ ജയം ലോകകപ്പിലെ വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകും.



© Madhyamam