
മുല്ലൻപുർ (പഞ്ചാബ്): ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പതറുന്നു. ഇന്ത്യയുടെ 564 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന സന്ദർശകർ രണ്ടാം നാൾ സ്റ്റമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റിന് 113 റൺസെന്ന നിലയിൽ ഫോളോ ഓൺ ഭീഷണിയിലാണ്. ആതിഥേയർ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റിന് 564ൽ ഡിക്ലയർ ചെയ്യുകയായിരുന്നു. തലേന്ന് സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന നായകൻ ശുഭ്മൻ ഗിൽ 126ഉം ഋഷഭ് പന്ത് 81ഉം റൺസിന് മടങ്ങി. വാഷിങ്ടൺ സുന്ദർ 52 റൺസുമായി പുറത്താവാതെനിന്നു. അഫ്ഗാൻ ബൗളർമാരിൽ പേസർ മുഹമ്മദ് സലീം ആറ് വിക്കറ്റുമായി മിന്നി. ഇന്ത്യയുടെ അരങ്ങേറ്റ സ്പിന്നർ മാനവ് സുത്തറിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഒന്നാം ഇന്നിങ്സിൽ സന്ദർശകർക്ക് തിരിച്ചടിയായത്.
രണ്ടാം ദിനം വീണ അഞ്ച് ആതിഥേയ വിക്കറ്റുകളിൽ നാലും നേടിയത് സലീമാണ്. മൂന്നിന് 368 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനിൽ തന്നെ മൂന്നു വിക്കറ്റ് നഷ്ടമായി. ഗിൽ, പന്ത്, ധ്രുവ് ജുറേൽ (20 പന്തിൽ 19) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റിൽ ഗില്ലും പന്തും ചേർന്ന് 169 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ഗില്ലിനെ സലീം മടക്കി. ജുറേലിനെ സലീം ക്ലീൻ ബൗൾഡാക്കി. പന്തിനെ അധികം വൈകാതെ ഹഷ്മത്തുല്ല ഷാഹിദിയും പറഞ്ഞുവിട്ടു. സുത്താർ (41 പന്തിൽ 28), ട്വന്റി20 ശൈലിയിൽ ബാറ്റ് വീശിയ മുഹമ്മദ് സിറാജ് (12 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒമ്പതു റൺസുമായി കുൽദീപ് യാദവും വാഷിങ്ടണിനൊപ്പം പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ അബ്ദുൽ മാലിക് (16), സെദിഖുല്ല അതാൽ (17), റഹ്മാനുല്ല ഗുർബാസ് (12), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദി (20), അഫ്സൽ സസായി (3) എന്നിവർ ഇതിനകം കൂടാരം കയറി. റഹ്മത് ഷാ 43 റൺസെടുത്ത് ക്രീസിലുണ്ട്. ഇന്ത്യൻ ബൗളർമാരിൽ പേസർ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും വീഴ്ത്തി. 451 റൺസ് പിറകിലാണ് അഫ്ഗാനിപ്പോൾ.
