
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ ബാറ്റിങ് വിസ്മയമായ വൈഭവ് സൂര്യവംശി ആഗോള കായിക ലോകത്തെ അത്ഭുതമായി മാറുമെന്ന് ഐ.പി.എൽ സ്ഥാപകനും മുൻ ചെയർമാനുമായ ലളിത് മോദി. പരമ്പരാഗത സിനിമ താരങ്ങളുടെ പ്രശസ്തിയെപ്പോലും മറികടക്കുന്ന ജനപ്രീതി വൈഭവിനെ തേടിയെത്തുമെന്നും, ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഐക്കണായി മാറാനുള്ള പ്രതിഭ ഈ കൗമാരക്കാരനുണ്ടെന്നും ലളിത് മോദി പറഞ്ഞു. ലണ്ടനിൽ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവേയാണ് പ്രതികരണം. ഐ.പി.എൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി അവിശ്വസനീയ പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവംശിയെ പ്രശംസിക്കുകയായിരുന്നു അദ്ദേഹം.
“തലക്കനം വെക്കാതെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അവൻ ലോകത്തിലെതന്നെ ഏറ്റവും വലിയ താരമാകും. ഹോളിവുഡ്, ബോളിവുഡ് സൂപ്പർതാരങ്ങളെക്കാൾ വലിയ ജനപ്രീതി വൈഭവിന് ലഭിക്കും. ഈ ചെറിയ പ്രായത്തിലും അവൻ ക്രീസിൽ കാണിക്കുന്ന ആത്മവിശ്വാസവും നിർഭയത്വവും ഒരു മാന്ത്രികത പോലെയാണ്,”-മോദി വ്യക്തമാക്കി.
കഴിഞ്ഞ ഐ.പി.എൽ സീസൺ പൂർണമായും വൈഭവ് സൂര്യവംശിയുടെ പേരിലായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ താരം, എമേർജിങ് പ്ലെയർ, സൂപ്പർ സ്ട്രൈക്കർ പുരസ്കാരങ്ങൾ താരം സ്വന്തമാക്കി. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നയാൾക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് ബിഹാർ സ്വദേശിയായ ഈ ഇടങ്കയ്യൻ ബാറ്ററാണ്. ലോകത്തെ ഏറ്റവും മികച്ച ബോളിങ് നിരകളെ അനായാസം തച്ചുടച്ചാണ് വൈഭവ് ഈ റെക്കോർഡുകൾ സ്വന്തം പേരിലാക്കിയത്. യുവപ്രതിഭകളെ കണ്ടെത്താനും അവരുടെ വളർച്ച വേഗത്തിലാക്കാനും ഐ.പി.എല്ലിന് സാധിക്കുന്നുണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് വൈഭവെന്ന് എന്ന് മോദി ചൂണ്ടിക്കാട്ടി.
ഐ.പി.എൽ ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യൻ ബെഞ്ചിൽ 20ഓളം കളിക്കാർ ഉണ്ടായിരുന്നു. അവർക്ക് അവസരം കിട്ടാൻ 15 വർഷം വരെ കാത്തിരിക്കണമായിരുന്നു. എന്നാൽ ഇന്ന് വൈഭവിനെപ്പോലുള്ളവർ പെട്ടെന്ന് ഉയർന്നുവരുന്നു. നമുക്കിന്ന് മികച്ച പ്രതിഭകളുണ്ട്, ഇനി ഐ.പി.എല്ലിൽ വിദേശ കളിക്കാരുടെ പോലും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ ഫുട്ബോളിലെ വൻകിട ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ എന്നിവരുടെ മത്സരങ്ങൾ കാണാൻ കാണികൾ ഇരച്ചെത്തുന്നതുപോലെ, വിരാട് കോഹ്‌ലിക്കും വൈഭവ് സൂര്യവംശിക്കും വേണ്ടിയാണ് ഇന്ന് ആളുകൾ ഐ.പി.എൽ കാണുന്നതെന്നും ഇത് വ്യൂവർഷിപ്പ് റേറ്റിങ്ങിൽ വലിയ പ്രതിഫലനമുണ്ടാക്കുന്നുണ്ടെന്നും ലളിത് മോദി നിരീക്ഷിച്ചു.
