
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സുരക്ഷാ പരിരക്ഷ പശ്ചിമ ബംഗാൾ സർക്കാർ വെട്ടിച്ചുരുക്കി. നാളുകളായി അദ്ദേഹത്തിന് നൽകിവന്നിരുന്ന ഇസഡ് കാറ്റഗറി സുരക്ഷയിൽ നിന്നും വൈ കാറ്റഗറിയിലേക്കാണ് സുരക്ഷ താഴ്ത്തിയത്. സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സുരക്ഷാ ഭീഷണികൾ പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇസഡ് കാറ്റഗറിയിലുണ്ടായിരുന്നപ്പോൾ എട്ടുമുതൽ പത്ത് പൊലീസുകാരെ വരെയാണ് ഗാംഗുലിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇവർ അദ്ദേഹത്തിന്റെ ബെഹാലയിലെ വസതിയിലും യാത്രകളിലും സ്ഥിരമായി അനുഗമിച്ചിരുന്നു. എന്നാൽ പുതിയ വൈ കാറ്റഗറി സംവിധാനത്തിൽ സ്പെഷ്യൽ ബ്രാഞ്ചിലെ മൂന്ന് പൊലീസുകാരെയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയുമാകും അനുവദിക്കുക. വി.ഐ.പി പരിഗണന തുടരുമെന്നും, വീടിന് സുരക്ഷയൊരുക്കാൻ ഹോം ഗാർഡിനെയും അംഗരക്ഷകരെയും നിലനിർത്തുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ മാറ്റത്തോടെ അകമ്പടി വാഹനങ്ങളില്ലാതെയാണ് ഗാംഗുലി സി.എ.ബി ഓഫീസിൽ എത്തുന്നതെന്ന് ഭാരവാഹികളും സ്ഥിരീകരിച്ചു.
മേയ് നാലിന് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പുതിയ ബി.ജെ.പി സർക്കാർ അധികാരമേറ്റത് മുതൽ സുരക്ഷ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച സൂചനകളുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയത്. സംസ്ഥാനമൊട്ടാകെ വി.ഐ.പി സുരക്ഷാച്ചട്ടം പരിഷ്കരിച്ചതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. വ്യക്തികളുടെ ഭരണഘടനാ പദവി, ഔദ്യോഗിക പദവി, യഥാർത്ഥ സുരക്ഷാ ഭീഷണി എന്നിവ വിലയിരുത്തിയാണ് പുതിയ ക്രമീകരണം. ഗാംഗുലി ഇത്തരം വിഭാഗങ്ങളിലൊന്നും വരുന്നില്ലെന്നും സുരക്ഷാ ഭീഷണിയില്ലെന്നുമാണ് വിലയിരുത്തൽ.
മുൻ മുഖ്യമന്ത്രി മമത ബാനർജിയുമായി ഗാംഗുലി പുലർത്തിയിരുന്ന അടുത്ത ബന്ധമാണ് സുരക്ഷ വെട്ടിക്കുറക്കാൻ കാരണമെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയുണ്ട്. മമത സർക്കാരിന്റെ കാലത്ത് 2023 മേയിലാണ് ഗാംഗുലിയുടെ സുരക്ഷ വൈ യിൽ നിന്ന് ഇസഡ് കാറ്റഗറിയായി ഉയർത്തിയത്. അദ്ദേഹത്തെ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച മമത, നിക്ഷേപക ഉച്ചകോടിക്കായി ഗാംഗുലിക്കൊപ്പം സ്പെയിൻ സന്ദർശിച്ചതും വാർത്തയായിരുന്നു. ഇടയ്ക്ക് തൃണമൂൽ കോൺഗ്രസിലേക്ക് ചേരുമെന്ന അഭ്യൂഹങ്ങൾ ഗാംഗുലി തള്ളിയിരുന്നെങ്കിലും മമതയുമായി ഊഷ്മള സൗഹൃദമാണ് അദ്ദേഹം പുലർത്തിയിരുന്നത്. ഭരണമാറ്റത്തിന് പിന്നാലെയുള്ള ഈ നടപടിയെ രാഷ്ട്രീയ വൈരാഗ്യമായാണ് ഒരു വിഭാഗം നോക്കിക്കാണുന്നത്.
പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം എം.എൽ.എമാർ ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സുരക്ഷാ കവചങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ സുരക്ഷ ഇസഡ് പ്ലസിൽ നിന്നും ഏറ്റവും കുറഞ്ഞ എക്സ് കാറ്റഗറിയിലേക്ക് താഴ്ത്തി. എന്നാൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ സുരക്ഷയിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല.
