
ന്യൂചണ്ഡീഗഢ് : ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ഓപ്പണർ വൈഭവ് സൂര്യവംശിയുടെ (47 പന്തിൽ 96) വിനാശകാരിയായ ബാറ്റിങ്ങും അവസാന ഓവറുകളിൽ ഡോണോവൻ ഫെരേര (11 പന്തിൽ പുറത്താകാതെ 38), രവീന്ദ്ര ജഡേജ (35 പന്തിൽ പുറത്താകാതെ 45) എന്നിവരുടെ വെടിക്കെട്ടുമാണ് രാജസ്ഥാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 4 സിക്സറുകളടക്കം 27 റൺസാണ് ഫെരേര അടിച്ചെടുത്തത്.
തകർച്ചയോടെ തുടക്കം, രക്ഷകനായി സൂര്യവംശി
ആദ്യ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (1) മുഹമ്മദ് സിറാജ് മടക്കിയതോടെ രാജസ്ഥാൻ ഞെട്ടി. തൊട്ടുപിന്നാലെ ധ്രുവ് ജുറെലിനെയും (7) കാഗിസോ റബാഡ പുറത്താക്കിയതോടെ പവർപ്ലേയിൽ രാജസ്ഥാൻ ബാക്ക് ഫൂട്ടിലായി. എന്നാൽ നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വൈഭവ് സൂര്യവംശി തകർത്തടിച്ചതോടെ സ്കോർ ബോർഡ് ചലിച്ചു. 31 പന്തിൽ താരം അർധസെഞ്ചുറി തികച്ചു. ഇതിനിടെ ജഡേജ പരിക്കേറ്റ് താൽക്കാലികമായി ക്രീസ് വിട്ടതും, ക്യാപ്റ്റൻ റിയാൻ പരാഗ് (8), ദാസുൻ ഷനക (3), ജോഫ്ര ആർച്ചർ (7) എന്നിവർ നിരാശപ്പെടുത്തിയതും രാജസ്ഥാനെ 120-ന് 5 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിയിട്ടു.
ക്ലാസ് കാട്ടി വൈഭവ്, മാസ് കാട്ടി ഫെരേര
ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും വൈഭവ് ഗുജറാത്ത് ബോളർമാരെ കടന്നാക്രമിച്ചു. ഹോൾഡറെയും വാഷിംഗ്ടൺ സുന്ദറിനെയും സിക്സറുകൾക്ക് പറത്തി 90-കളിൽ എത്തിയെങ്കിലും, ഒരിക്കൽ കൂടി ബൗൺസറിന് മുന്നിൽ താരത്തിന് സെഞ്ചുറി നഷ്ടമായി. 7 സിക്സും 8 ഫോറുമടക്കം 96 റൺസെടുത്ത സൂര്യവംശിയെ ഹോൾഡറാണ് പുറത്താക്കിയത്. എന്നാൽ അവസാന ഓവറുകളിൽ വീണ്ടും ക്രീസിലെത്തിയ ജഡേജയും ഡൊണോവൻ ഫെരേരയും ചേർന്ന് രാജസ്ഥാൻ സ്കോർ 214-ൽ എത്തിക്കുകയായിരുന്നു. ഗുജറാത്തിനായി ജേസൺ ഹോൾഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
