എഫ്.എ കപ്പ് ഫൈനൽ: ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 1-0 ജയം; അന്റോയിൻ സെമെന്യോയുടെ ഗോൾ നിർണ്ണായകമായി


എഫ്.എ കപ്പ് ഫുട്ബോൾ ഫൈനലിൽ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരായി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിന്റെ 72-ാം മിനിറ്റിൽ ആന്റോയിൻ സെമെൻയോ നേടിയ അതിമനോഹരമായ ബാക്ക്-ഹീൽ ഗോളാണ് സിറ്റിക്ക് കിരീടം സമ്മാനിച്ചത്. എർലിംഗ് ഹാലൻഡ് നൽകിയ ക്രോസ് മനോഹരമായി വലയിലെത്തിച്ചാണ് സെമെൻയോ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഈ വിജയത്തോടെ സിറ്റിയുടെ ഡൊമസ്റ്റിക് ട്രെബിൾ എന്ന സ്വപ്നത്തിന് കരുത്തേറി. നേരത്തെ ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കിയ സിറ്റി, പ്രീമിയർ ലീഗിലും കിരീടപ്പോരാട്ടത്തിൽ സജീവമാണ്. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ സിറ്റിയിലെ പത്താം വർഷത്തിലെ 17-ാമത്തെയും, അദ്ദേഹത്തിന്റെ കരിയറിലെ 35-ാമത്തെയും പ്രധാന ട്രോഫിയാണിത്. എട്ടുതവണ എഫ്.എ കപ്പ് ഉയർത്തിയ സിറ്റി, ഇപ്പോൾ ചെൽസി, ലിവർപൂൾ, ടോട്ടൻഹാം എന്നിവർക്കൊപ്പം എക്കാലത്തെയും വിജയികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

മറുഭാഗത്ത്, ഈ സീസണിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചെൽസിക്ക് ട്രോഫികളൊന്നുമില്ലാതെ മടങ്ങേണ്ടി വന്നു. പരിശീലകരെ മാറ്റിയതും ഉടമകൾക്കെതിരെ ആരാധകരുടെ പ്രതിഷേധമുണ്ടായതും ടീമിനെ ബാധിച്ചു. മുൻ യൂത്ത് കോച്ച് കാലം മക്ഫാർലെയ്‌ന്റെ കീഴിൽ മികച്ച പ്രതിരോധം കാഴ്ച്ചവെച്ചെങ്കിലും സെമെൻയോയുടെ മാന്ത്രിക ഗോളിനു മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. മത്സരശേഷം ക്ലബ്ബ് വിടുന്ന ബെർണാഡോ സിൽവയെയും ജോൺ സ്റ്റോൺസിനെയും സിറ്റി ആരാധകർ ആവേശത്തോടെയാണ് യാത്രയാക്കിയത്.

© Madhyamam