2026 ലോകകപ്പ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിലെ സ്ഥാനം ന്യായീകരിച്ച് റോബർട്ടോ മാർട്ടിനസ്
2026 ലോകകപ്പ് ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിയതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് രംഗത്ത്. പ്രായമല്ല, പ്രകടനമാണ് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്ന് അദ്ദേഹം വ്യക്തമാക്കി.
റോയിട്ടേഴ്സിനോട് സംസാരിക്കവെ, “പ്രായം വെറും ഒരു അക്കം മാത്രമാണ്” എന്ന് മാർട്ടിനസ് പറഞ്ഞു.
അദ്ദേഹം തുടർന്നു: “ദേശീയ ടീമിൽ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് കൃത്യമായി വിലയിരുത്താൻ സാധിക്കും. അപ്പപ്പോഴുള്ള ആവശ്യങ്ങൾക്കനുസരിച്ചാണ് ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത്. അടുത്ത ദിവസത്തിന് അപ്പുറത്തേക്ക് ഞങ്ങൾ ചിന്തിക്കാറില്ല.”
“ഒരു ഐക്കണിക് താരമായല്ല, മറിച്ച് 2026-ലെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരൻ എന്ന നിലയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഞങ്ങൾ കൈകാര്യം ചെയ്യുന്നത്,” മാർട്ടിനസ് വ്യക്തമാക്കി.
ടീമിലെ എല്ലാ കളിക്കാരെയും ഒരേ രീതിയിലാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നന്നായി കളിക്കുകയും ടീമിനെ വിജയിപ്പിക്കാൻ തങ്ങളുടെ റോൾ കൃത്യമായി നിർവഹിക്കുകയും ചെയ്യുന്ന താരങ്ങൾക്ക് ടീമിൽ കൂടുതൽ അവസരം ലഭിക്കും. കാര്യങ്ങൾ വളരെ ലളിതമാണ്.”
റൊണാൾഡോയുടെ റോളിലെ മാറ്റങ്ങളെക്കുറിച്ച് മാർട്ടിനസ് പ്രതികരിച്ചത് ഇങ്ങനെ: “ഇപ്പോൾ അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകൾ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്റ്റാർട്ടിങ് ടീമും ഫിനിഷിങ് ടീമും എന്ന വ്യത്യാസം ഇപ്പോൾ കാര്യമായില്ല.”
“ടീമിൽ വിവിധ റോളുകളുണ്ട്, ക്രിസ്റ്റ്യാനോ തന്റെ റോളുകളെ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
