
ന്യൂഡൽഹി: ജൂണിൽ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരക്കുള്ള ഇന്ത്യ ‘എ’ ടീമിൽ ഇടംപിടിച്ച് വൈഭവ് സൂര്യവംശി. തിലക് വർമ ക്യാപ്റ്റനായുള്ള 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇന്ത്യ ‘എ’, ശ്രീലങ്ക ‘എ’, അഫ്ഗാനിസ്താൻ ‘എ’ ടീമുകൾ മാറ്റുരക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള വിളി ദേശീയ സീനിയർ ടീമിലേക്ക് വഴിതുറക്കുന്നതാണ്.
ഇന്ത്യ ജൂനിയർ ടീമുകളിലും, ഐ.പി.എല്ലിലും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന 15 കാരനുള്ള അംഗീകാരമായാണ് ‘എ’ ടീമിലേക്ക് വിളിയെത്തിയത്. ജൂൺ ഒമ്പത് മുതൽ 21 വരെയാണ് മൂന്ന് ടീമുകൾ മാറ്റുരക്കുന്ന ഏകദിന മത്സരം. തുടർന്ന്, രണ്ട് മൾട്ടി ഡേ മത്സരങ്ങളും ടീം കളിക്കും. 12 വയസ്സിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറിയ വൈഭവ് സൂര്യവംശി ആഭ്യന്തര ക്രിക്കറ്റിലെയും ജൂനിയർ അന്താരാഷ്ട്ര മത്സരങ്ങളിലെയും ഐ.പി.എല്ലിലെയും പ്രകടനവുമായി ആരാധക മനസ്സിൽ ഇതിനകം സൂപ്പർതാരമാണ്. നിലവിലെ ഐ.പി.എൽ സീസണിൽ രാജസ്ഥാൻ താരമായ വൈഭവ്, 11 മത്സരങ്ങളിൽ നിന്നായി 236 സ്ട്രൈക്ക് റേറ്റിൽ 440 റൺസ് അടിച്ചെടുത്തിട്ടുണ്ട്.
ഉജ്ജ്വല ഫോമിൽ കളിക്കുമ്പോഴും ദേശീയ ടീമിലേക്ക് വിളിയെത്താനുള്ള കാത്തിരിപ്പിലായിരുന്നു വൈഭവ്. പുതിയ നിയമ പ്രകാരം 15 വയസ്സ് പൂർത്തിയായാൽ മാത്രമേ ദേശീയ സീനിയർ ടീമിൽ കളിക്കാൻ കഴിയൂ. കഴിഞ്ഞ മാർച്ച് 27ന് 15 തികഞ്ഞതോടെ വൈഭവിന് ഈ കടമ്പ കടക്കാനായി. റിയാൻ പരാഗാണ് വൈസ് ക്യാപ്റ്റൻ, പ്രിയാൻസ് ആര്യ, ഹർഷ് ദുബെ തുടങ്ങിയവരും ടീമിലുണ്ട്.
ഇന്ത്യ എ ടീം: തിലക് വർമ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്, ആയുഷ് ബധോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിങ്, കുമാർ കുശാഗ്ര, വിപ്രജ് നിഗം, യാഷ് താക്കൂർ, യുധ്വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.
