ബ്രസീലിയൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി 2030 ലോകകപ്പ് വരെ ടീമിനൊപ്പം തുടരുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നാല് വർഷത്തെ കരാർ പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്നും, ലോകകപ്പിന് മുൻപായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ഇറ്റാലിയൻ ഇതിഹാസ പരിശീലകനായ ആഞ്ചലോട്ടി ബ്രസീലിന്റെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബ്രസീൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. റയൽ മാഡ്രിഡ്, എസി മിലാൻ, ചെൽസി തുടങ്ങിയ വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ള ആഞ്ചലോട്ടി, ബ്രസീൽ ടീമിൽ തുടരാൻ താൻ സന്നദ്ധനാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിലവിൽ കരാറുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ അന്തിമമാക്കാനുള്ള തിരക്കിലാണ് കോൺഫെഡറേഷനും ആഞ്ചലോട്ടിയുടെ ഉപദേശകരും. മെയ് 18-ന് റിയോ ഡി ജനീറോയിൽ വെച്ച് ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ അദ്ദേഹം പ്രഖ്യാപിക്കും. മെയ് 31-ന് പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിന് ശേഷമാകും ടീം ലോകകപ്പിനായി യാത്ര തിരിക്കുക. ഇത്തവണത്തെ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ മൊറോക്കോ, സ്കോട്ട്ലൻഡ്, ഹെയ്തി എന്നിവർക്കൊപ്പമാണ് ബ്രസീൽ മത്സരിക്കുന്നത്.
