ഹൈദരാബാദിനെ കറക്കിവീഴ്ത്തി കൊൽക്കത്ത; ഏഴ് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ കൈവിടാതെ നൈറ്റ് റൈഡേഴ്സ്


ഹൈദരാബാദ്: ഐ.പി.എല്ലിൽ വിജയക്കുതിപ്പ് നടത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആതിഥേയർ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത മറികടന്നു. അർധസെഞ്ചുറി നേടിയ അംഗ്രിഷ് രഘുവംശിയും (59) ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും (43) ബാറ്റിങ് കരുത്തിലാണ് കൊൽക്കത്തയുടെ അനായാസ ജയം. ഇതോടെ കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.

ഹൈദരാബാദിന്റെ 166 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഫിൻ അലനും (29) അജിങ്ക്യ രഹാനെയും ചേർന്ന് മിന്നുന്ന തുടക്കമാണ് നൽകിയത്. പാറ്റ് കമ്മിൻസ് എറിഞ്ഞ നാലാം ഓവറിൽ 27 റൺസടിച്ച ഫിൻ അലൻ കളി കൊൽക്കത്തയുടെ വരുതിയിലാക്കി. അലൻ പുറത്തായ ശേഷം ക്രീസിലെത്തിയ യുവതാരം രഘുവംശി രഹാനെയെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 84 റൺസ് ചേർത്തു. വിജയത്തിനരികെ ഇരുവരും മടങ്ങിയെങ്കിലും റിങ്കു സിംഗും (22*) കാമറൂൺ ഗ്രീനും (3*) ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 19 ഓവറിൽ 165 റൺസിന് പുറത്താവുകയായിരുന്നു. ട്രാവിസ് ഹെഡ് (28 പന്തിൽ 61) നൽകിയ സ്വപ്നതുല്യമായ തുടക്കം മുതലാക്കാൻ മധ്യനിരയ്ക്കായില്ല. വരുൺ ചക്രവർത്തി (3 വിക്കറ്റ്), സുനിൽ നരെയ്ൻ (2 വിക്കറ്റ്) എന്നിവരുടെ സ്പിൻ കെണിയിൽ ഹൈദരാബാദ് പതറുകയായിരുന്നു. ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാകുമായിരുന്ന ഹൈദരാബാദ് തോൽവിയോടെ നാലാം സ്ഥാനത്തേക്ക് ഇറങ്ങി. 7 പോയിന്റുമായി കൊൽക്കത്ത എട്ടാം സ്ഥാനത്താണ്.

© Madhyamam