ഹർമൻപ്രീത് കൗർ നയിക്കും, മലയാളി താരങ്ങളില്ല; വനിതാ ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു



മുംബൈ: ഈവർഷം നടക്കുന്ന വനിതാ ട്വന്‍റി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ തന്നെയാണ് ടീമിനെ നയിക്കുന്നത്. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, റിച്ച ഘോഷ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്.

പരിക്കേറ്റ അമൻജോത് കൗർ സ്ക്വാഡിലില്ല. ബാറ്റർ ഹർലീൻ ഡിയോൾ, സ്പിൻ ഓൾറൗണ്ടർ സ്നേഹ് റാണ എന്നിവരും ടീമിലില്ല. മലയാളി താരങ്ങൾക്കും ടീമിൽ ഇടമില്ല. അമൻജോത് കൗറിന് പകരക്കാരിയായി ഭാരതി ഫുൽമാലി മധ്യനിരയിലേക്ക് എത്തും. 2026ലെ വനിതാ പ്രീമിയർ ലീഗിലെ (WPL) മികച്ച പ്രകടനമാണ് ഭാരതിക്ക് തുണയായത്. ഡബ്ല്യു.പി.എല്ലിൽ 10 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയ നന്ദനി ശർമയും ടീമിൽ ഇടംപിടിച്ചു.

ശ്രീ ചരണി, ശ്രേയങ്ക പാട്ടീൽ, രാധ യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ. സ്നേഹ് റാണയെയും വൈഷ്ണവി ശർമയെയും മറികടന്നാണ് മൂവരും ടീമിലെത്തിയത്. രാധ യാദവിനെ ഓൾ റൗണ്ടർ ഓപ്ഷനായാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഡബ്ല്യു.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ബാറ്റിങ്ങിലും താരം തിളങ്ങിയിരുന്നു.

പരിചയസമ്പന്നയായ രേണുക സിങ് ഠാക്കൂർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, നന്ദനി എന്നിവരടങ്ങുന്നതാണ് ടീമിലെ പേസ് നിര. ബാക്കപ്പ് വിക്കറ്റ് കീപ്പറായി യസ്തിക ഭാട്ടിയയെയും ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിലും വെയിൽസിലുമായി ജൂൺ 14നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ഇന്ത്യൻ ടീം:

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ശ്രീ ചരണി, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), നന്ദനി ശർമ, അരുന്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്.



© Madhyamam