പാരീസ് സെന്റ് ജെർമെൻ (പി.എസ്.ജി) ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പാരീസ് നഗരസഭയുമായി വർഷങ്ങളായി നിലനിന്നിരുന്ന തർക്കത്തിന് അന്ത്യമാകുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി, വാണിജ്യപരമായ വരുമാനം വർധിപ്പിക്കുന്നതിനായി തങ്ങളുടെ ചരിത്രപ്രസിദ്ധമായ സ്റ്റേഡിയം സ്വന്തമാക്കാൻ പി.എസ്.ജി ശ്രമിച്ചുവരികയായിരുന്നു. എന്നാൽ, സ്റ്റേഡിയം നഗരത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി മുൻ മേയർ ആൻ ഹിഡാൽഗോ ഈ പദ്ധതിയെ തുടർച്ചയായി തടഞ്ഞു.
ഈ പ്രതിസന്ധി കാരണം, ക്ലബ് പ്രസിഡന്റ് നാസർ അൽ-ഖെലൈഫി പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പോയിസി അല്ലെങ്കിൽ മാസ്സി തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റേഡിയം നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇതിനായി വലിയ സാമ്പത്തിക ചെലവും സമയവും ആവശ്യമായിരുന്നു.
ഇതിനിടെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷം പാരീസിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായി. പുതിയ മേയർ ഇമ്മാനുവൽ ഗ്രെഗോയർ പി.എസ്.ജിയുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചു. ആർ.എം.സി (RMC) റേഡിയോയോട് സംസാരിച്ച ഗ്രെഗോയർ, സ്റ്റേഡിയത്തിന്റെ ഭാവിയെക്കുറിച്ചും ക്ലബ്ബുമായുള്ള പുതിയ ബന്ധത്തെക്കുറിച്ചും ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
“ക്ലബ് മാനേജ്മെന്റുമായുള്ള ബന്ധം ആരോഗ്യകരവും മാന്യവുമാണ്. എനിക്ക് ഫുട്ബോളിനെയും പി.എസ്.ജിയെയും ഇഷ്ടമാണ്. അവരുടെ ഈ സീസണിലെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ചർച്ചകൾ പുനരാരംഭിച്ചു. ചർച്ചയിലെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, വളരെ ഉറച്ച അടിത്തറയിലാണ് ഞങ്ങൾ തുടങ്ങിയിരിക്കുന്നത്. എല്ലാ നിബന്ധനകളും പാലിക്കപ്പെട്ടാൽ, ഞാൻ കാര്യമായ ശുഭാപ്തിവിശ്വാസം പുലർത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എസ്.ജി നേതൃത്വവുമായി ഗ്രെഗോയർ ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്. മുൻ ഭരണകൂടത്തിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായി, വേനൽക്കാലത്തിന് മുൻപ് തന്നെ സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഈ നീക്കം വിജയിക്കുകയാണെങ്കിൽ, അത് പി.എസ്.ജിയെ സംബന്ധിച്ചിടത്തോളം വലിയൊരു തന്ത്രപരമായ വിജയമായിരിക്കും. സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങളിലും ദീർഘകാല വികസന പദ്ധതികളിലും പൂർണ്ണ നിയന്ത്രണം നേടാൻ ഇതുവഴി ക്ലബ്ബിന് സാധിക്കും. ഇത് വരെ അപ്രാപ്യമായിരുന്ന വലിയൊരു ലക്ഷ്യമാണ് ഇതിലൂടെ ക്ലബ്ബ് യാഥാർത്ഥ്യമാക്കുന്നത്.
