ലാ ലിഗ കിരീടം ഉറപ്പിച്ചാൽ റയൽ മാഡ്രിഡ് ഗാർഡ് ഓഫ് ഓണർ നൽകുമോ? പ്രതികരിച്ച് ഹാൻസി ഫ്ലിക്ക്


ഗെറ്റാഫെയെ പരാജയപ്പെടുത്തി ലാ ലിഗ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണ 11 പോയിന്റ് ലീഡ് നേടി. മെയ് മാസത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോ മത്സരത്തിന് മുൻപ് തന്നെ ബാഴ്‌സലോണയ്ക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ സാധിക്കുമെന്ന നിലയിലാണ് കാര്യങ്ങൾ.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ, എൽ ക്ലാസിക്കോ മത്സരത്തിന് മുൻപ് റയൽ മാഡ്രിഡ് ബാഴ്‌സലോണയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകേണ്ടി വരും. ഈ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ബാഴ്‌സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക് അക്കാര്യത്തെ തള്ളിക്കളഞ്ഞു.

“ഓരോ മത്സരത്തെയും പ്രത്യേകം കാണാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ഫ്ലിക്ക് പറഞ്ഞു. “മത്സരങ്ങൾ ഓരോന്നായി ജയിക്കുക എന്നതാണ് പ്രധാനം. മുന്നോട്ടുള്ള യാത്ര കടുപ്പമായിരിക്കും. റയൽ മാഡ്രിഡ് ശക്തമായി തിരിച്ചടിക്കും. ഇത്തരം കാര്യങ്ങൾ ഇപ്പോൾ എന്നെ അലട്ടുന്നില്ല.”

“ഞങ്ങൾക്ക് ലാ ലിഗ കിരീടം നേടണം, അത് ഉറപ്പാണ്,” ഫ്ലിക്ക് കൂട്ടിച്ചേർത്തു.

അതേസമയം, ബാഴ്‌സലോണയ്ക്ക് ഒരു കാരണവശാലും ഗാർഡ് ഓഫ് ഓണർ നൽകേണ്ടതില്ലെന്ന് റയൽ മാഡ്രിഡ് തീരുമാനിച്ചതായി മാഡ്രിഡ് ആസ്ഥാനമായുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

© Madhyamam