
ലഖ്നോ: ടീമിന്റെ മോശം പ്രകടനത്തിലും തോൽവിയിലും അസ്വസ്ഥനാകുന്ന ലഖ്നോ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, അതിന്റെ നീരസവും അതൃപ്തിയും കളിക്കാരോട് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല.
ടീമിന്റെ മിക്ക മത്സരങ്ങളും കാണാൻ അദ്ദേഹം ഗ്രൗണ്ടിലെത്താറുണ്ട്. 2024 ഐ.പി.എല്ലിനിടെ ലഖ്നോ ടീം തുടർച്ചയായി തോൽവികൾ വഴങ്ങിയപ്പോൾ ടീം ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവെച്ച് ശകാരിച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെ രാഹുൽ ടീം വിടുകയും ചെയ്തു. പുതിയ സീസണിലും ലഖ്നോവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും തോറ്റ ടീം, പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് വീണു. രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 40 റൺസിനാണ് ടീം തോറ്റത്. സീസണിൽ ടീമിന്റെ തുടർച്ചയായ നാലാം തോൽവി.
ഇതോടെ ടീമിന്റെ പ്ലേഓഫ് സാധ്യതയും പരുങ്ങലിലായി. എന്നാൽ, രാജസ്ഥാനെതിരായ മത്സരത്തിനു പിന്നാലെ ഗ്രൗണ്ടിലെത്തി പതിവിനു വിപരീതമായി ഗോയങ്ക നടത്തിയ സ്നേഹപ്രകടനമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. നായകൻ ഋഷഭ് പന്തിനോട് ഏറെ നേരം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഗോങ്കയ, താരത്തെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുന്നതിന്റെയും വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തോറ്റമ്പി പോയന്റ് പട്ടികയിൽ പിന്നിലേക്ക് പോയിട്ടും വളരെ ശാന്തനായാണ് ഗോയങ്ക മൈതാനത്തെത്തിയത്. പന്തിനെ കെട്ടിപ്പിടിക്കുകയും പുഞ്ചിരിയോടെ സംസാരിക്കുകയും ചെയ്യുന്ന ഗോയങ്കയെയാണ് ഗ്രൗണ്ടിൽ കാണാനായത്. കെ.എൽ. രാഹുലിനെ ശകാരിച്ച ഗോയങ്ക തന്നയെല്ലേ ഇതെന്നായിരുന്നു ഏവരുടെയും സംശയം!
തന്റെ പെരുമാറ്റം തെറ്റായി വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ ഇപ്പോൾ വളരെയേറെ ശ്രദ്ധിക്കാറുണ്ടെന്ന് ഗോയങ്ക അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഐ.പി.എല്ലിൽ റെക്കോഡ് തുകയായ 27.50 കോടി രൂപക്ക് ടീമിലെത്തിച്ച ക്യാപ്റ്റനെ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണക്കുന്ന ഗോയങ്കയെ പ്രശംസിക്കുകയാണ് ഇപ്പോൾ ആരാധകർ. എന്നാൽ, 119 റൺസിന് ടീം ഓൾ ഔട്ടായിട്ടും മത്സരശേഷമുള്ള ഗോയങ്കയുടെ ഈ പുഞ്ചിരി വെറും പി.ആർ സ്റ്റണ്ട് മാത്രമാണെന്നാണ് മറുവിഭാഗം വിമർശിക്കുന്നത്.
മധ്യനിരയിൽ ബാറ്റർമാർ പരാജയപ്പെടുന്നതും പന്തടക്കമുള്ളവരുടെ മോശം പ്രകടനവുമാണ് സീസണിൽ ടീമിന് തലവേദനയാകുന്നത്. റൺസ് പ്രതിരോധിക്കുന്നതിലും വിക്കറ്റുകൾ വീഴ്ത്തുന്നതിലും ബൗളർമാരും പരാജയപ്പെടുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റിന് 159 റൺസാണ് നേടിയത്. ടീമിന് എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിട്ടും 40 റൺസകലെ ലഖ്നോ വീണു. ഋഷഭ് പന്തിനു പുറമെ, ആയുഷ് ബദോനി, എയ്ഡൻ മാർക്രം, മുഹ്സിൻ ഖാൻ എന്നിവരും റണ്ണൊന്നും എടുക്കാതെ പുറത്തായി. ലഖ്നോ നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 55 റൺസുമായി മിച്ചൽ മാർഷും 22 റൺസെടുത്ത നിക്കളസ് പുരാനും മാത്രമാണ് തിളങ്ങിയത്.
പുറത്താവാതെ 29 പന്തിൽ 43 റൺസ് ചേർത്ത് രവീന്ദ്ര ജദേജ രാജസ്ഥാന്റെ ടോപ് സ്കോററായി. നാല് ഒരു മെയ്ഡനടക്കം 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പേസർ മുഹ്സിൻ ഖാന്റേതാണ് ശ്രദ്ധേയ ബൗളിങ് പ്രകടനം. മുഹമ്മദ് ഷമിയും പ്രിൻസ് യാദവും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി മിന്നി. മറുപടി ബാറ്റിങ്ങിനിറങ്ങിയയ ലഖ്നോ തുടക്കം മുതൽ ഇടറി. ഒടുവിൽ 18 ഓവറിൽ 119 റൺസിന് ലഖ്നോ പുറത്തായി. റോയൽസിന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
