ഐ.എസ്.എൽ: ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂവിനെതിരെ

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ തോൽവി ശീലമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ശനിയാഴ്ച മറ്റൊരു പോരാട്ടം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ ആതിഥേയരാ‍യ ബംഗളൂരു എഫ്.സിയെയാണ് നേരിടുന്നത്. കരുത്തരായ എതിരാളികളെ തോൽപിക്കാനായാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ സാഹചര്യങ്ങൾവെച്ച് അതിനെ അട്ടിമറി ജയം എന്നുതന്നെ വിശേഷിപ്പിക്കാം.

പുതിയ പരിശീലകൻ ആഷ്ലി വെസ്റ്റ്‌വുഡ് ചുമതലയേറ്റിട്ടും മഞ്ഞപ്പടയുടെ കാര്യത്തിൽ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. പോയന്റ് പട്ടികയിൽ 12ാം സ്ഥാനക്കാരായിരുന്ന സ്പോർട്ടിങ് ക്ലബ് ഡൽഹിയോടും തോറ്റ് 13ാം സ്ഥാനം നിലനിർത്തി. സീസണിൽ ഏഴ് മത്സരങ്ങൾ കളിച്ചപ്പോൾ സമ്പാദ്യം ആറ് പരാജയങ്ങളും ഒരു സമനിലയുമാണ്. അഡ്രിയാൻ ലൂണ, നോഹ സദോയി തുടങ്ങിയ പ്രമുഖരെല്ലാം ടീം വിട്ടതോടെ ബ്ലാസ്റ്റേഴ്സ് നിര തീർത്തും ദുർബലമായിട്ടുണ്ട്. വിദേശ താരങ്ങളായ കെവിൻ യോക്ക്, ജയ് ക്വിറ്റോൻഗോ എന്നിവർക്കൊപ്പം അർജന്റൈൻ വിങ്ങർ ഫ്രാഞ്ചുവും ചേരുന്നത് മുന്നേറ്റത്തിൽ കരുത്താവുമെന്ന പ്രതീക്ഷയിലാണ്.

മറുഭാഗത്ത് ബംഗളൂരുവിന് വ്യക്തമായ മുൻതൂക്കമുണ്ട്. ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളായ സ്ട്രൈക്കർ സുനിൽ ഛേത്രിയും വിങ്ങർ ആഷിഖ് കുരുണിയനും ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവുമെല്ലാം അണിനിരക്കുന്ന സംഘത്തിന് ബ്രയാൻ സാഞ്ചേസടക്കം വിദേശികളും മുതൽക്കൂട്ടാണ്. പ്ലേ ഓഫ് സാധ്യതകൾ ശക്തമാക്കി മുന്നോട്ടുപോവുന്ന 14 പോയന്റുമായി നാാലംസ്ഥാനത്ത് നിൽക്കുന്നു. ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിൽ ഇതുവരെ 17 തവണ ഏറ്റുമുട്ടിയപ്പോൾ മഞ്ഞപ്പടക്ക് ജയിക്കാനായത് നാലെണ്ണത്തിൽ മാത്രം. 11ലും വിജയം ബി.എഫ്.സിക്കൊപ്പം നിന്നു. ഇവർക്കെതിരെ കണ്ഠീരവ സ്റ്റേഡിയത്തിലെ ആദ്യ ജയത്തിന് കൂടിയാണ് ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുന്നത്.

അർജന്റൈൻ വിങ്ങർ ഫ്രാഞ്ചു ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ആക്രമണനിരക്ക് കരുത്തുപകരുന്നതിന് അർജന്റൈൻ വിങ്ങർ ഫ്രാൻസിസ്കോ ഫ്യൂലാസിയർ അബാലോയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഫ്രാഞ്ചു എന്നറിയപ്പെടുന്ന 28കാരൻ യൂറോപ്യൻ ലീഗുകളിൽ കളിച്ച പരിചയസമ്പത്തുമായാണെത്തുന്നത്. റയൽ മഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയായിരുന്നു തുടക്കം. റയൽ മഡ്രിഡ് കാസ്റ്റിയക്ക് വേണ്ടി കളിച്ചു. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തുടർന്ന് റയോ വയ്യേകാനോ, എഫ്.സി ഫുവൻലാബ്രഡ, എസ്.ഡി ഐബർ, എഫ്.സി കാർട്ടജീന ക്ലബുകൾക്കായി സ്പാനിഷ് ലീഗിലെ വിവിധ ഡിവിഷനുകളിൽ പന്തുതട്ടി. സൈപ്രസിലെ കാർമിയോട്ടിസ്സ എഫ്‌.സിയിലാണ് താരം അവസാനമായി കളിച്ചത്.



© Madhyamam