സഞ്ജുവിനെ ലോകകപ്പ് ഫോട്ടോയിൽനിന്ന് ശുഭ്മൻ ഗിൽ മനഃപൂർവം എഡിറ്റ് ചെയ്ത് മാറ്റിയോ?



ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് നേടിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ കളിയാരാധകർ ഇപ്പോഴും ലോകകപ്പ് നേട്ടത്തെ കുറിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ പങ്കുവെക്കുന്നത് തുടരുകയാണ്. ലോകകപ്പ് വിജയത്തിൽ മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ നിർണായക പങ്കാണ് വഹിച്ചത്. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിലും തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും തുടർച്ചയായി മൂന്ന് അർധസെഞ്ച്വറികൾ (97*, 89, 89) സഞ്ജു നേടി. ഈ ​പ്രകടനത്തിന്റെ പിൻബലത്തിൽ സഞ്ജുവായിരുന്നു ‘​െപ്ലയർ ഓഫ് ദ ടൂർണമെന്റ്’. മലയാളി ആരാധകർക്ക് സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തെ ആഘോഷിച്ച് ഇ​പ്പോഴും മതിയായിട്ടില്ല.

അതിനിടയിലാണ്, ചരിത്ര നേട്ടത്തിന് പിന്നാലെ, ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, ഈ ചിത്രം ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ അധികം മണിക്കൂറുകൾ വേണ്ടിവന്നില്ല. വിജയത്തെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിൽ സഞ്ജു സാംസണിനെ എഡിറ്റ് ചെയ്ത് മാറ്റി എന്ന് ശുഭ്മാൻ ഗില്ലിനെതിരെ കടുത്ത ആരോപണം ഉയർന്നു. ചിത്രത്തിനടിയിൽ ഗില്ലിനെ രൂക്ഷമായി വിമർശിച്ച് കമന്റുകളുടെ പെരുമഴയാണ്.

ഏഷ്യാ കപ്പ് ടീമിൽ സഞ്ജു സാംസണിന് പകരക്കാരനായി ശുഭ്മാൻ ഗിൽ ഇടം നേടിയിരുന്നു. ട്വന്റി20 ഫോർമാറ്റിൽ സഞ്ജുവിനേക്കാൾ മോശം പ്രകടനമായിട്ടും ഗില്ലിനുവേണ്ടി മലയാളി ബാറ്ററെ ​േപ്ലയിങ് ഇലവനിൽനിന്നും പിന്നീട് ടീമിൽനിന്നുമൊക്കെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. എന്നാൽ, ലഭിച്ച അവസരങ്ങളിൽ തിളങ്ങാനാവാതെ പോയ ഗിൽ ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ പടിക്ക് പുറത്തായി. ഗില്ലിനു പകരം സഞ്ജു ടീമിൽ തിരിച്ചെത്തിയതിൽ ഗിൽ അസൂയപ്പെട്ടിരുന്നുവെന്നും അതിനാലാണ് അഭിനന്ദന പോസ്റ്റിൽ സഞ്ജുവിന്‍റെ ചിത്രം ഒഴിവാക്കിയതെന്നും ആരാധകർ ആരോപിക്കുന്നു. സൂര്യകുമാർ യാദവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവുമായി താരതമ്യം ചെയ്തതാണ് ഗില്ലിനെ സഞ്ജുവിന്‍റെ ആരാധകർ വിമർശിക്കുന്നത്.

എന്നാൽ, ലോകകപ്പ് ട്രോഫിയുമായി ടീം പോസ് ചെയ്തപ്പോൾ എടുത്ത ധാരാളം ഫോട്ടോകളിൽ ഒന്നാണ് ഗിൽ പങ്കുവെച്ചത്. ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാളും അതേ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. മാത്രമല്ല, ഗില്ലും സൂര്യകുമാർ യാദവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് രണ്ട് ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങളിലും കുൽദീപ് യാദവ് വ്യത്യസ്ത പോസുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

ട്രോഫിയുടെ സ്ഥാനവും മാറുന്നുണ്ട്. ചിത്രത്തിൽ അത് സൂര്യകുമാർ യാദവും മറ്റൊന്നിൽ തിലക് വർമയുമാണ് ട്രോഫി പിടിച്ചിരിക്കുന്നത്. ഫോട്ടോയിൽ ഗിൽ എഡിറ്റിങ്ങൊന്നും നടത്തിയിട്ടി​ല്ലെന്ന് ഫാക്ട് ചെക്കിങ്ങിൽ വ്യക്തമാണ്. അപ്പോഴും സഞ്ജു ഇല്ലാത്ത ഫോട്ടോ ഗിൽ തെര​ഞ്ഞുപിടിച്ച് പോസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള വിമർശനവും മലയാളി ബാറ്ററുടെ ആരാധകർ ഉയർത്തുന്നുണ്ട്.



© Madhyamam