യമാലിന്റെ മാന്ത്രിക ഗോൾ; ലാലിഗയിൽ ബിൽബാവോയെ വീഴ്ത്തി ബാഴ്‌സലോണ

ബിൽബാവോ: ലാലിഗ ഫുട്ബാളിൽ ബാഴ്‌സലോണയുടെ ആധിപത്യം തുടരുന്നു. അത്‌ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ചാണ് ബാഴ്‌സലോണ കിരീടപ്പോരാട്ടത്തിൽ കരുത്തുകാട്ടിയത്. 1-0 എന്ന സ്കോറിനാണ് ബാഴ്‌സയുടെ ജയം. യുവതാരം ലമിൻ യമാലാണ് ബാഴ്‌സലോണക്ക് വേണ്ടി വിജയഗോൾ നേടിയത്.

മത്സരത്തിന്റെ 68-ാം മിനിറ്റിലാണ് കൗമാരതാരമായ ലമിൻ യമാൽ ഗോൾ നേടിയത്. പെഡ്രിയുടെ പാസ് സ്വീകരിച്ച്, ബിൽബാവോ പ്രതിരോധത്തെ മറികടന്ന് യമാൽ തൊടുത്ത മനോഹരമായ ഷോട്ട് വലയിൽ കയറി. ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി യമാൽ നേടുന്ന 19-ാം ഗോളാണിത്. ഈ ജയത്തോടെ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ നാല് പോയന്റ് മുന്നിലെത്താൻ ബാഴ്‌സക്ക് കഴിഞ്ഞു.

മറ്റൊരു മത്സരത്തിൽ റയൽ സോസിഡാഡിനെ 3-2 എന്ന സ്കോറിന് തോൽപ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ വരാനിരിക്കുന്നതിനാൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും, ബാഴ്‌സലോണ തങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചുനിന്നു. ഗോൾകീപ്പർ ജോവാൻ ഗാർസിയയുടെ മികച്ച പ്രകടനവും ബാഴ്‌സക്ക് ജയം അനായാസമാക്കി.



© Madhyamam