തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ 12,000 പേർക്ക് ഇരിക്കാവുന്ന സ്പോർട്സ് സ്റ്റേഡിയം പൂർണ്ണമായും തകർന്നു. തെഹ്റാൻ്റെ പടിഞ്ഞാറൻ ഭാഗത്തുള്ള പ്രധാന കായിക സമുച്ചയമായ ആസാദി സ്പോർട്സ് കോംപ്ലക്സിലെ സ്റ്റേഡിയമാണ് വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ തകർന്നതെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ജനവാസ കേന്ദ്രങ്ങൾക്കും കായിക സമുച്ചയങ്ങൾക്കും നേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും കടന്നുകയറ്റത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,045 ആയി ഉയർന്നതായി തസ്നിം റിപ്പോർട്ട് ചെയ്തു.
പ്രധാനമായും വോളിബോൾ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയമാണിത്. ഇതിന് പുറമെ, ആസാദി കോംപ്ലക്സിനുള്ളിലെ സൈക്ലിംഗ് ഫെഡറേഷൻ്റെ പുതിയ കെട്ടിടം, ഹോസ്റ്റൽ, പ്രധാന നീന്തൽക്കുളം, റോവിംഗ് ഫെഡറേഷൻ്റെ ചില ഭാഗങ്ങൾ എന്നിവയും അമേരിക്കൻ-ഇസ്രായേൽ മിസൈലാക്രമണത്തിൽ ചാമ്പലായി. നിരവധി അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകാറുള്ള ആസാദി സ്റ്റേഡിയം പൂർണ്ണമായും തകർന്ന നിലയിലാണെന്ന് ഇറാൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയത്തിലെ ഗാലറികളിൽ നിന്ന് കനത്ത പുകയുയരുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിന് പുറമെ, തെക്കൻ തെഹ്റാനിലെ ബെസത് സ്പോർട്സ് കോംപ്ലക്സിന് നേരെയും ഇസ്രായേൽ-അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ഏഴ് മിസൈലുകളാണ് ഇവിടെ വർഷിച്ചത്. കായിക താരങ്ങൾ പരിശീലനം നടത്തുന്ന സിവിലിയൻ കേന്ദ്രങ്ങളിലാണ് യാതൊരു പ്രകോപനവുമില്ലാതെ അമേരിക്കയും ഇസ്രായേലും ബോംബ് വർഷിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ഇസ്രായേലും അമേരിക്കയും ഇറാനിൽ വൻ വ്യോമാക്രമണം ആരംഭിച്ചത്. രാജ്യത്തിൻ്റെ പരമാധികാരത്തിന് നേരെയുള്ള ഈ അധിനിവേശത്തിന് മറുപടിയായി മിഡിൽ ഈസ്റ്റിലെ അമേരിക്കൻ, ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാനും ശക്തമായ പ്രത്യാക്രമണം നടത്തിവരികയാണ്. സ്റ്റേഡിയം തകർന്നതിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച ഐ.ആർ.ഐ.ബി, ‘ആണവ ബോംബുകളോ ബാലിസ്റ്റിക് മിസൈലുകളോ അല്ല ഈ സ്റ്റേഡിയത്തിൽ നിർമ്മിക്കുന്നത്’ എന്ന് കുറിച്ചു. ഗസ്സയിൽ 72,000 പേരെ കൊന്നൊടുക്കിയപ്പോഴും മൗനം പാലിച്ച അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അവർ തുറന്നടിച്ചു.
