
ന്യൂഡൽഹി: മകൻ അർജുൻ ടെണ്ടുൽകറുടെ വിവാഹത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ കുടുംബ സമേതം എത്തി ക്ഷണിച്ച് സചിൻ ടെണ്ടുൽകർ.
ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ അർജുൻ ടെണ്ടുൽകറും സാനിയയും തമ്മിലെ വിവാഹത്തിനാണ് മുതിർന്ന നേതാക്കളെ നേരിട്ടെത്തി സചിനും കുടുംബവും ക്ഷണിച്ചത്. ഭാര്യ അഞ്ജലി, മകൾ സാറ എന്നിവർക്കൊപ്പം സാനിയയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിക്കും, പ്രധാനമന്ത്രിക്കുമൊപ്പമുള്ള ചിത്രങ്ങൾ സചിൻ സാമൂഹിക മാധ്യമ പേജുകളിൽ പങ്കുവെച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷയെ കുടുംബം സന്ദർശിക്കുന്ന ചിത്രവും സചിൻ ‘എക്സ്’ പേജിൽ പങ്കുവെച്ചു.
നേരത്തെ മുംബൈക്കായി രഞ്ജി ട്രോഫിയിൽ കളിച്ച അർജുൻ, നിലവിൽ ഗോവ ടീമിന്റെ ഭാഗമാണ്. ഐ.പി.എല്ലിലും വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്.
ഇന്ത്യയുടെ ക്രിക്കറ്റ് ഐകണിന്റെ ഭാഗമായ അർജുന് യുവ സംരംഭക സാനിയ ചന്ദോകാണ് വധു. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരിയായ സാനിയ ചന്ദോക് സ്വയം സംരംഭക എന്ന നിലയിലും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഭക്ഷ്യ,ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ. മൃഗ പരിപാലനത്തിൽ വിദഗ്ധയായ സാനിയ, പ്രമുഖ പെറ്റ് കെയർ ബ്രാൻഡ് ‘മി. പോസ്’ സ്ഥാപകയാണ്. മാർച്ച് മൂന്നിനും അഞ്ചിനുമായാണ് വിവാഹാഘോഷ ചടങ്ങുകൾ.
