
ലാഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടിൽനിന്ന് പാകിസ്താൻ പിൻവാങ്ങി. 15ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ടീമിന് കളിക്കാനുള്ള അനുമതി പാകിസ്താൻ സർക്കാർ നൽകി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മുന്നറിയിപ്പിനും സഹആതിഥേയരായ ശ്രീലങ്ക ഉൾപ്പെടെ രാജ്യങ്ങളുടെ സമ്മർദത്തിനും വഴങ്ങി ബഹിഷ്കരണ ഭീഷണി അവസാനിപ്പിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ആലോചിച്ചുവരുകയായിരുന്നു. ലാഹോറിൽ ഐ.സി.സി, പി.സി.ബി പ്രതിനിധികൾ തമ്മിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് പാക് അധികൃതരുടെ അനുകൂല തീരുമാനമുണ്ടായത്.
“ബഹുരാഷ്ട്ര ചർച്ചകളിലെ തീരുമാനങ്ങളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയുടെയും അടിസ്ഥാനത്തിൽ, ഫെബ്രുവരി 15ന് നിശ്ചയിച്ചിട്ടുള്ള ട്വന്റി20 ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിന് സർക്കാർ നിർദ്ദേശം നൽകുന്നു. ക്രിക്കറ്റിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കുന്നതിനും എല്ലാ രാജ്യങ്ങളിലും ഈ ആഗോള കായിക വിനോദത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം” -പാകിസ്താൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ബംഗ്ലാദേശ്, യു.എ.ഇ ക്രിക്കറ്റ് ബോർഡുകൾ കൂടി പാകിസ്താൻ നിലപാട് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മുതിർന്ന ഐ.സി.സി പ്രതിനിധികളും പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, സർക്കാർ പ്രതിനിധികളും തമ്മിൽ ലാഹോറിൽ നടന്ന മാരത്തൺ യോഗത്തിൽ ചില നിർദേശങ്ങൾ പി.സി.ബി മുന്നോട്ട് വെച്ചിട്ടുണ്ട്. പി.സി.ബി ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്വി, ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇംറാൻ ഖാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്ലാം എന്നിവർ പങ്കെടുത്തു. പിന്നാലെ 24 മണിക്കൂറിൽ അനുകൂലമായ ഒരു തീരുമാനം പ്രതീക്ഷിക്കാമെന്ന് മുതിർന്ന ക്രിക്കറ്റ് ഭരണസമിതി അംഗം അറിയിച്ചിരുന്നു. മുഹ്സിൻ നഖ്വി പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫുമായും കൂടിക്കാഴ്ച നടത്തിയതോടെയാണ് സർക്കാർ നിലപാട് മാറ്റിയത്.
ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പണംവാരുന്ന മത്സരമായ ഇന്ത്യ-പാക് കളി എന്തുവിലകൊടുത്തും നടത്തണമെന്നാണ് വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. മത്സരത്തിൽനിന്ന് പിൻവാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പി.സി.ബിയിലെ ഒരു വിഭാഗവും താൽപര്യപ്പെടുന്നു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധവും വഷളായത്. എങ്കിലും ഹസ്തദാനമൊഴിവാക്കി കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിലടക്കം മൂന്നുതവണ ഏറ്റുമുട്ടി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ നഖ്വിയിൽനിന്ന് പക്ഷേ, കിരീടം സ്വീകരിക്കാൻ ഇന്ത്യൻ ടീം തയാറായില്ല. ലോകകപ്പിൽനിന്ന് പിന്മാറിയ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സര ബഹിഷ്കരണം പാകിസ്താൻ തീരുമാനിച്ചത്.
ഇന്ത്യ-പാക് പരമ്പര: പി.സി.ബി ആവശ്യം തള്ളി ഐ.സി.സി
ദുബൈ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽനിന്ന് പിന്മാറാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ ഐ.സി.സി തള്ളി. പി.സി.ബി അഞ്ച് ഉപാധികളാണ് ഐ.സി.സിക്ക് മുന്നിൽ വെച്ചത്. എന്നാൽ ഇതിൽ മൂന്നെണ്ണം പൂർണമായും നിരസിച്ചു. ഇന്ത്യയുമായി വീണ്ടും ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ ആരംഭിക്കാൻ ഐ.സി.സി ഇടപെടണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇത് രണ്ട് രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഐ.സി.സി വ്യക്തമാക്കി.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകളെ ഉൾപ്പെടുത്തി ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കണമെന്ന ആവശ്യവും ഐ.സി.സി അംഗീകരിച്ചില്ല. ഈ വർഷം ഒടുവിൽ ഇന്ത്യ ബംഗ്ലാദേശ് സന്ദർശിച്ച് പരമ്പര കളിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതിലും ഇടപെടാൻ കഴിയില്ലെന്നാണ് ഐ.സി.സിയുടെ നിലപാട്. കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന വനിതാ ടി20 ലോകകപ്പ് ദുബായിലേക്ക് മാറ്റിയതിനാൽ അവർക്ക് സാമ്പത്തിക നഷ്ടപരിഹാരമോ പകരം മറ്റൊരു ഐ.സി.സി ടൂർണമെന്റോ നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു. അടുത്ത അണ്ടർ-19 ലോകകപ്പ് ബംഗ്ലാദേശിന് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഐ.സി.സി സൂചിപ്പിച്ചു. ബംഗ്ലാദേശിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കുറവു വരുത്തരുതെന്ന ആവശ്യത്തോട് ഐ.സി.സി പോസിറ്റീവായാണ് പ്രതികരിച്ചത്.
