'ഞങ്ങളുടേത് കരുത്തുറ്റ ടീം​​'; ട്വന്റി 20 ലോകകപ്പ് കളിക്കുന്ന യു.എസ് ടീമിന് ആശംസയുമായി ട്രംപ്



വാഷിങ്ടൺ: ട്വന്റി 20 ലോകകപ്പ് കളിക്കുന്ന യു.എസ് ടീമിന് ആശംസയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ അതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കമായിരുന്നു. മാർച്ച് എട്ടിനാണ് ടൂർണമെന്റിന്റെ ഫൈനൽ നടക്കുന്നത്. ഇന്ത്യ, പാകിസ്താൻ, നമീബിയ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് യു.എസുള്ളത്.ക്രിക്കറ്റ് ലോകകപ്പ് ഇപ്പോൾ ഇന്ത്യയിൽ പുരോഗമിക്കുകയാണ്. ടീം യു.എസ്.എക്ക് ആശംസകൾ നേരുന്നു. ശക്തമായ ടീമാണ് യു.എസിനുള്ളതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ യു.എസ്.എയെ 29 റൺസിൽ ഇന്ത്യ തോൽപ്പിച്ചിരുന്നു. ആതിഥേയർ ഉയർത്തിയ 162 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യു.എസ്.എക്ക് റൺസ് 132 എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും അക്സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ യു.എസ്.എക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്കോർബോർഡിൽ 13 റൺസ് എത്തുമ്പോഴേക്കും മൂന്ന് ബാറ്റർമാർ കൂടാരം കയറിയതോടെ യു.എസ്.എയുടെ നില പരുങ്ങലിലായി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന മിലിന്ദ് കുമാർ-സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം പതിയെ യു.എസ്.എയെ മുന്നോട്ട് നയിച്ചു. എന്നാൽ, മിലിന്ദ് കുമാറിനെ പുറത്താക്കി വരുൺ കൂട്ടുകെട്ട് പൊളിച്ചു. സഞ്ജീവ് കൃഷ്ണമൂർത്തിയും പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും പട്ടേലിന് മുന്നിൽ വീണു. പിന്നീടെത്തിയ ഹർമീത് സിങ്ങിനേയും മുഹമ്മദ് മൊഹ്സിനേയും ഇന്ത്യൻ ബൗളർമാർ അതിവേഗം മടക്കി അയച്ചു. ഒടുവിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിൽ യു.എസ് പോരാട്ടം അവസാനിച്ചു.

പാകിസ്താനുമായിട്ടാണ് യു.എസ്.എയുടെ അടുത്ത മത്സരം. ഫെബ്രുവരി 10ാം തീയതിയാണ് മത്സരം നടക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയിലാണ് മത്സരം നടക്കുന്നത്. ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ടൂർണമെന്റിലെ പാകിസ്താന്റെ മത്സരങ്ങൾ ​ശ്രീലങ്കയിലാണ് നടക്കുന്നത്.



© Madhyamam