ഇത് വലിയ കളി; പാകിസ്താന്റെ ബഹിഷ്‍കരണം ഐ.സി.സിയുടെ കീശകീറുമോ..​?; മുടങ്ങുന്നത് 4500 കോടി വരുമാനം



ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിസ്റ്റ് മത്സരം വെറുമൊരു കളിക്കപ്പുറം, പണം കായ്ക്കുന്ന മരം, മൂപ്പെത്താതെ വീഴുന്ന അവസ്ഥയാണ് ഐ.സി.സിക്ക്. ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാശ് വാരുന്ന ഒരു മത്സരത്തിനുള്ള ചാൻസാണ് പാകിസ്താന്റെ ട്വന്റി20 ലോകകപ്പിലെ ബഹിഷ്‍കരണത്തോടെ നഷ്ടമാവുന്നത്.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിൽ പ​ങ്കെടുക്കാൻ ക്രിക്കറ്റ് ടീമിന് പാകിസ്താൻ സർക്കാർ അനുമതി നൽകിയപ്പോൾ, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‍കരിക്കാനാണ് നിർദേശം. ഇതോടെയാണ്, ​ലോകകപ്പ് വീണ്ടും വിവാദങ്ങളിൽ നിറയുന്നത്. പാകിസ്താന്റെ തീരുമാനത്തിൽ ഞെട്ടൽ അറിയിച്ച ഐ.സി.സി പ്രതികരിച്ചിട്ടില്ല. ബോർഡ് യോഗം ഉടൻ വിളിച്ച ശേഷം നിലപാട് പ്രഖ്യാപിക്കാനിരിക്കുകയാണ് ഐ.സി.സി.

എന്നാൽ, കളിയേക്കാൾ ഉപരി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പണം വാരുന്ന വഴിയാണ് പി.സി.ബി ബഹിഷ്‍കരണത്തിലൂടെ അടക്കുന്നത്.

സംപ്രേക്ഷണ അവകാശം, പരസ്യ വരുമാനം, സ്​പോൺസർഷിപ്പ്, ബെറ്റിങ് ഉൾപ്പെടെ വാണിജ്യ പ്രവർത്തനങ്ങളിലൂടെ 4500 കോടി (500 ദശലക്ഷം ഡോളർ) ആണ് ഒരു ഇന്ത്യ -പാകിസ്താൻ മത്സരത്തിലൂടെ മാറിമറിയുന്നത്.

ഇന്ത്യ-പാകിസ്താൻ മത്സരം മാത്രം ലക്ഷ്യമിട്ട് ടൂർൺമെന്റുകളുടെ സംപ്രേക്ഷണാവകാശം ഏറ്റെടുക്കുന്നവർക്കാണ് ബഹിഷ്‍കരണം ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. 10 സെക്കൻഡിന് 25-40 ലക്ഷം വരെയാണ് പരസ്യ നിരക്ക്. ഫൈനൽ ഉൾപ്പെടെ ഏതൊരു റൗണ്ടിലും ഇന്ത്യയും മറ്റു വമ്പൻ ടീമുകളും മാറ്റുരച്ചാൽ ലഭിക്കുന്നതിനേക്കാൾ പതിന്മടങ്ങാണ് ഇന്ത്യ-പാക് മത്സരത്തിന്റെ പരസ്യ നിരക്ക്. ഈ മത്സരമില്ലെങ്കിൽ പരസ്യ വരുമാനം മാത്രം 300 കോടി നഷ്ടമാവും.

ഷെഡ്യൂളിലുള്ള ഐകൺ മത്സരം നഷ്ടമാവുമ്പോൾ സംപ്രേക്ഷണാവകാശം നേടിയവർക്ക് ഐ.സി.സി നഷ്ടപരിഹാരം നൽകേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇതിനകം ഐ.സി.സിയിൽ നിന്നും ഇളവ് നേടിയാണ് ജിയോ ഹോട്സ്റ്റാർ അവകാശം ​സ്വന്തമാക്കിയത്. ലോകകപ്പിലെ ഓരോ മത്സരത്തി​​ന്റെയും ശരാശരി മൂല്യം 138.7 കോടി രൂപയായാണ് കണക്കാക്കുന്നത്.

മത്സരങ്ങൾ ക്രമപ്രകാരം നടത്തുക ​ഐ.സി.സിയുടെ ഉത്തരവാദിത്തമാണ്. കളി മുടങ്ങിയാൽ ജിയോക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സാരം.

ഇന്ത്യ-പാക് ഫൈനൽ വരുകയും ബഹിഷ്‍കരണം തുടരുകയും ചെയ്താൽ നഷ്ടം പതിൻമടങ്ങായി മാറും. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‍കരിക്കുന്നത് പാക് ക്രിക്കറ്റ് ബോർഡിന്റെ നിലനിൽപിനെയും ബാധിച്ചേക്കാം. ബി.സി.സി.ഐ, പി.സി.ബി എന്നിവർക്ക് 200കോടി നഷ്ടം നേരിടും. ഇതിനു പുറമെ, ടൂർണമെന്റിലെ മറ്റു ടീമുകളുടെ വരുമാനത്തെയും ബാധിക്കും.



© Madhyamam