അഭിഷേകോ ബുംറയോ അല്ല! ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ താരങ്ങളെ പ്രവചിച്ച് മുൻ നായകൻ രോഹിത്



മുംബൈ: ട്വന്‍റി20 ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ സ്വപ്നം കാണുന്നില്ല. ട്വന്‍റി20 ഫോർമാറ്റിൽ അടുത്തകാലത്തായി തകർപ്പൻ ഫോം തുടരുന്നതാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഏറെ പ്രതീക്ഷ നൽകുന്നത്.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഇത്തവണ വേദിയാകുന്നത്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ് 2024ലെ ലോകകപ്പിൽ കിരീടത്തിൽ മുത്തമിട്ടതെങ്കിൽ ഇത്തവണ രോഹിത്, കോഹ്ലി എന്നീ സൂപ്പർ താരങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് നിലവിൽ ഇന്ത്യക്കുവേണ്ടി കളിക്കുന്നത്.

യുവ താരങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യയെ ടൂർണമെന്‍റിലെ കിരീട ഫേവറീറ്റുകളാക്കുന്നതും. ലോകകപ്പിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെയും ഇടങ്കൈയൻ പേസർ അർഷ്ദീപ് സിങ്ങിന്‍റെയും പ്രകടനം ഇന്ത്യക്ക് നിർണായകമാകുമെന്നാണ് രോഹിത് പറയുന്നത്. ന്യൂ ബാളിലും ഡെത്ത് ഓവറുകളിലും അർഷ്ദീപ് ടീമിന് കരുത്താകുമെന്നാണ് മുൻ നായകന്‍റെ പ്രചചനം. ‘ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും ഒരുമിച്ചു കളിക്കുന്നത് ടീമിന് അനുകൂലഘടകമാണ്, കാരണം ഇരുവരും വിക്കറ്റിനുവേണ്ടി കടന്നാക്രമിക്കും. ന്യൂ ബാൾ സ്വിങ് ചെയ്യിക്കാനും അതിവേഗം വിക്കറ്റെടുക്കാനാകുന്നതും അർഷ്ദീപിന്‍റെ ഏറ്റവും വലിയ കരുത്താണ്. ന്യൂ ബാളിലും ഡെത്ത് ഓവറുകളിലുമാണ് താരം പ്രധാനമായും പന്തെറിയുന്നത്. കളിയിൽ തുടക്കവും ഒടുക്കവും ഏറെ നിർണായക ഘട്ടങ്ങളാണ്, ഇരു ഘട്ടങ്ങളിലും താരം ടീമിന് കരുത്താകും’ -രോഹിത് പറഞ്ഞു.

2024 ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ അർഷ്ദീപ് മികച്ച പ്രകടനം നടത്തി. പ്രോട്ടീസിനായി ക്രീസിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശിയിരുന്ന ക്വിന്‍റൺ ഡി കോക്കിനെ അർഷ്ദീപ് പുറത്താക്കിയത് ഇപ്പോഴും ഓർക്കുന്നു. 19ാം ഓവറിൽ രണ്ടോ മൂന്നോ റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്, ഇതാണ് ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കിയത്. ഈ ലോകകപ്പിലും ഇന്ത്യക്കുവേണ്ടി താരത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്നും രോഹിത് പ്രതീക്ഷ പങ്കുവെച്ചു.

ഫിനിഷറായും ബൗളറായുമുള്ള ഹാർദിക് പാണ്ഡ്യയുടെ ഇരട്ട റോൾ ഇന്ത്യൻ ടീമിന്‍റെ ബാലൻസ് നിലനിർത്താൻ സഹായിക്കുമെന്നും രോഹിത് പറയുന്നു. ഹാർദികിന് ടീമിൽ നിർണായക പങ്കുണ്ട്. സ്ഥിരതയോടെ ബാറ്റ് ചെയ്യാനും പന്തെറിയാനുമാകും. പ്രതിരോധഘട്ടങ്ങളിൽ അദ്ദേഹത്തിന്‍റെ ബാറ്റിങ് ഏറെ നിർണായകമാണ്. 15-16 ഓവറുകളിൽ ടീം 160 റൺസിൽ എത്തുകയും ഹാർദിക് ക്രീസിലും ഉണ്ടെങ്കിൽ, സ്കോർ അനായാസം 200 കടത്താൻ താരത്തിനാകും. മധ്യനിരയിൽ അഞ്ച്, ആറ്, ഏഴ് നമ്പറുകളിൽ ബാറ്റ് ചെയ്യുന്നത് ഏറെ കഠിനമാണ്. അതിനാൽ തന്നെ ഏത് ഫോർമാറ്റിലും ഹാർദിക്കിന്‍റെ പങ്ക് നിർണായകമാണെന്നും രോഹിത് വ്യക്തമാക്കി.



© Madhyamam