
ഇസ്ലാമബാദ്: അടുത്ത മാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ആലോചിക്കുന്നതായി റിപ്പോർട്ട്. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽനിന്ന് വിട്ടുനിൽക്കാനാണ് നീക്കം. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ഭാഗത്തുനിന്നുള്ള കടുത്ത പിഴയോ വിലക്കോ വരാതിരിക്കാൻ നിയമപരമായ പഴുതുകൾ ഉപയോഗിച്ചുള്ള പദ്ധതിയും പാകിസ്താൻ തയാറാക്കിയിട്ടുണ്ട്.
ബി.സി.സി.ഐയുമായുള്ള ഭിന്നതയേത്തുടർന്ന് ടൂർണമെന്‍റിൽനിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്താൻ ഈ നീക്കം നടത്തുന്നത്. പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇത് സംബന്ധിച്ച നിർദേശങ്ങൾ പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന് സമർപ്പിച്ചു. ലോകകപ്പ് പൂർണമായും ബഹിഷ്കരിക്കുക എന്നതല്ല, മറിച്ച് ഇന്ത്യയുമായുള്ള മത്സരം മാത്രം ഉപേക്ഷിക്കുക എന്നതാണ് നിലവിലെ ആലോചന.
സാധാരണയായി രാഷ്ട്രീയ കാരണങ്ങളാൽ മത്സരങ്ങൾ ബഹിഷ്കരിച്ചാൽ ക്രിക്കറ്റ് ബോർഡുകൾക്ക് വലിയ പിഴയും വിലക്കും നേരിടേണ്ടി വരും. എന്നാൽ ഇത് ഒഴിവാക്കാൻ ‘സർക്കാർ നിർദേശ’പ്രകാരം മാറിനിൽക്കുന്നുവെന്ന കാരണമാണ് പാകിസ്താൻ ഐ.സി.സിക്കു മുമ്പിൽ വിശദീകരിക്കാൻ ഒരുങ്ങുന്നത്. ക്രിക്കറ്റ് ബോർഡിന്റെ സ്വയം തീരുമാനമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാറാണ് കളിക്കരുതെന്ന് നിർദേശിച്ചത് എന്ന് കാണിച്ചാൽ ഐ.സി.സിക്ക് പിഴയോ വിലക്കോ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പി.സി.ബി കരുതുന്നു.
ദേശീയ സുരക്ഷയും സർക്കാർ ഉത്തരവും മുൻനിർത്തി ‘ഫോഴ്സ് മജ്യൂർ’ (നിയന്ത്രണാതീതമായ കാരണങ്ങൾ) എന്ന വാദം ഉന്നയിക്കാനാണ് പി.സി.ബിയുടെ പദ്ധതി. ഇതുവഴി ഐസിസിയുടെയോ ബ്രോഡ്കാസ്റ്റർമാരുടെയോ ഭാഗത്തുനിന്നുള്ള നിയമനടപടികളിൽനിന്ന് രക്ഷപ്പെടാമെന്ന് അവർ കണക്കുകൂട്ടുന്നു.
അതേസമയം ഇന്ത്യ-പാകിസ്താൻ മത്സരമാണ് ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്. ഈ മത്സരം നടക്കാതെ പോയാൽ ഐ.സി.സിക്കും സംപ്രേക്ഷണാവകാശമുള്ള ബ്രോഡ്കാസ്റ്റിങ് കമ്പനികൾക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും. ഐ.സി.സിയുടെ ഏറ്റവും വലിയ വരുമാന മാർഗത്തെ തന്നെ ലക്ഷ്യം വെച്ചാണ് പാകിസ്താൻ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്.
