ലിവർപൂളിനും ബാഴ്സക്കും വമ്പൻജയം
മഡ്രിഡ്: ചാമ്പ്യൻസ്ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷനില്ലാതെ റയലും, നിലവിലെ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമനും. നാടകീയതകൾ നിറഞ്ഞ ലീഗ് ഫേസിലെ അവസാന റൗണ്ട് മത്സരങ്ങളിലെ തിരിച്ചടികളാണ് ഇവർക്ക് വിനയായത്. റയൽ മുൻ കോച്ച് ഹോസെ മൊറീഞ്ഞോയുടെ ബെനഫിക്കയോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോറ്റപ്പോൾ ന്യൂകാസിൽ യൂനൈറ്റഡിനെതിരെ 1-1 സമനിലയിലായതാണ് പി.എസ്.ജിക്ക് വിനയായത്.
ഇംഗ്ലീഷ് കരുത്ത്
പ്രീമിയർ ലീഗ് കരുത്തുമായി ലീഗ് ഫേ്
നോക്കൗട്ട് ഘട്ടത്തിലേക്ക് ഓട്ടോമാറ്റിക്ക് ക്വാളിഫിക്കേഷൻ നേടിയ എട്ടു ടീമുകളിൽ അഞ്ചെണ്ണവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്ന്. ലീഗ് ഫേസിൽ ഒന്നാമതായി ആർസനലും മൂന്നാമതായി ലിവർപൂൾ, നാലാമതായി ടോട്ടൻഹാം, ആറാമതായി ചെൽസി, എട്ടാമതായി മാഞ്ചസ്റ്റർ സിറ്റിഎന്നിവരാണ് നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത ലഭിച്ച പ്രീമിയർ ലീഗ് ടീമുകൾ.
ബയേൺ മ്യൂണിക്ക്, ബാർസലോണ, സ്പോർട്ടിങ് സി.പി എന്നിവരാണ് നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടി മറ്റുള്ളവർ.
റയൽ, ഇന്റർ മിലാൻ, പി.എസ്.ജി, ന്യൂകാസിൽ, യുവന്റസ്, അത്ലറ്റിക്കോ, അറ്റ്ലാന്റ, ലെവർക്യൂസൻ, ഡോർട്ട്മുണ്ട്, ഒളിമ്പ്യാക്കോസ്, ക്ലബ് ബ്രൂഷ്, ഗലത്സറെ, മൊണാകോ, ഖരബാഗ്, ബോഡോ ഗ്ലിംറ്റ്, ബെനഫിക്ക എന്നിവർ പ്ലേ ഓഫ് കളിക്കും.
മൊറീഞ്ഞോ മാജിക്കിൽ വീണ് റയൽ
എവേ ഗോൾ സമ്പ്രദായം ഒഴിവാക്കിയതിനുശേഷം ചാമ്പ്യൻലീഗിന്റെ ഗ്രൂപ്പ് റൗണ്ടുകൾ നനഞ്ഞ പടക്കാമണ്. എന്നാൽ, ഇന്നലെ അവസാന മത്സരത്തിൽ ചാമ്പ്യൻസ് ഫുട്ബോളിന്റെ ത്രില്ലർ നിമിഷങ്ങൾ ഒരിക്കൽക്കൂടി കണ്ടു. അതിനെല്ലാം മുന്നിൽ നിന്നത് മറ്റാരുമല്ല, സാക്ഷാൽ മൊറീഞ്ഞോ. റയലിന്റെ മുൻ കോച്ചുകൂടിയായ മൊറീഞ്ഞോ ബെനഫിക്കയുടെ ഗ്രൗണ്ടിലേക്ക് റയൽ എത്തുമ്പോൾ ആഘോഷമാക്കാതിരിക്കുന്നതെങ്ങനെ.
ബെനഫിക്ക നോക്കൗട്ട് ഘട്ടം ഉറപ്പിച്ചിരുന്നില്ല. പ്ലേ ഓഫ് പോലും വിരളമായ സാധ്യത. റയലിനെ നല്ല മാർജിനിൽ തോൽപ്പിച്ചാൽ മാത്രമേ സാധ്യതയുള്ളൂ. കളിക്കൊടുവിൽ റയലിനെ പ്ലേ ഓഫിലേക്ക് വലിച്ചിടുക മാത്രമല്ല, പ്ലേ ഓഫ് കളിക്കാനും ബെനഫിക്ക യോഗ്യത നേടി. ഇഞ്ചുറി ടൈമിൽ ഗോൾ കീപ്പർ അനാറ്റൊലി ട്രുബിൻ നേടിയ ഹെഡർ ഗോളിലാണ് ബെനഫിക്ക 24ാമത്തെ ടീമായി പ്ലേ ഓഫിന് യോഗ്യത നേടുന്നത്. 25ാം സ്ഥാനത്തിനായി മൂന്ന് ടീമുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു ഗോളിന്റെ വ്യത്യാസത്തിലാണ് ബെനഫിക്ക നേട്ടം കുറിച്ചത്. അവസാന മിനിറ്റുകളിൽ ഗോളിയെ ഗോൾമുഖത്തേക്ക് അയച്ച മൊറീഞ്ഞോ ഇത് മുൻകൂട്ടി കണ്ടിരിക്കണം. കളിയുടെ തുടക്കത്തിൽതന്നെ എംബാപ്പേയുടെ ഗോളിൽ റയലാണ് മുന്നിലെത്തിയത്. പിന്നാലെ ഇരമ്പിക്കളിച്ച ബെനഫിക്ക സമനില ഗോൾ നേടി. ഇടവേളക്കുശേഷം രണ്ടു തവണകൂടി ബെനഫിക്ക ഗോളടിച്ചതോടെ നേരിയ സാധ്യതയുമായി അവർ മുന്നിൽനിന്നു.
എന്നാൽ 58ാം മിനിറ്റിൽ എംബാപ്പേ വീണ്ടും ഗോളിച്ചതോടെ ബെനഫിക്കയുടെ സാധ്യത തുലാസിലായി. 90+8ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ ഗോൾ കീപ്പർ ബെനഫിക്കക്ക് വിലപ്പെട്ട പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ റൗൾ അസൻസിയോയും, റോഡ്രിഗോയും ചവപ്പുകാർഡ് കണ്ട് പുറത്തായതും റയലിന് വിനയായി.
ഒരു ഗോൾ വഴങ്ങിയശേഷം നാലു ഗോളുകൾ തിരിച്ചടിച്ച് ബാർസലോണയും അവസാന എട്ടിൽ ഇടം പിടിച്ചു. ലവൻഡോവ്സ്കി, യമാൽ, റഫീഞ്ഞ, റാഷ്ഫോർഡ് എന്നിവരാണ് സ്കോറർമാർ. മറ്റൊരു മത്സരത്തിൽ ലിവർപൂൾ 6-0ത്തിന് ഖരബാഗിനെ പരാജയപ്പെടുത്തി. മക്അലിസ്റ്റർ ഇരട്ടഗോളുകൾ നേടി. സലാഹ്, വിയർട്സ്, എക്കിറ്റിക്കേ, ചിയേസ എന്നിവരും സ്കോർ ചെയ്തു.
ആർസനൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കൈറത് അൽമാറ്റിയെ പരാജയപ്പെടുത്തി. കലാഫിയോരി, ഹാവെർട്സ്, മാർട്ടിനെല്ലി എന്നിവർ ഗണ്ണേഴ്സിനായ ഗോളുകൾ നേടി.
ജോർഗീഞ്ഞോ, റിക്കാർഡീഞ്ഞോ എന്നിവരാണ് അൽമാറ്റിക്കായി സ്കോർ ചെയ്തത്. പി.എസ്.ജിക്കായി ഉസ്മാനെ ഡെംബലെ പെനൽറ്റി പാഴാക്കിയ മത്സരത്തിൽ വിറ്റീഞ്ഞയാണ് ഒരു ഗോൾ നേടിയത്. ന്യൂകാസിലിനായി വില്ലോക്ക് സമനില ഗോൾ നേടി. ചെൽസി നാപ്പോളിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. ചെൽസിക്കായി എൻസോ ഫെർണാണ്ടസ്, ജാവോ പെഡ്രോ(2) എന്നിവരാണ് ഗോളുകൾ നേടിയത്. വെർഗാരയും ഹോയ്ലൻഡുമാണ് നാപ്പോളിക്കായി സ്കോർ ചെയ്തത്.
