
ഗുവാഹതി: ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു. പരമ്പര ലക്ഷ്യമിട്ടാണ് സൂര്യകുമാർ യാദവും സംഘവും ഗുവാഹത്തിയിൽ കളിക്കാനിറങ്ങുന്നത്.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നും വിജയക്കുതിപ്പ് തുടരാനായാൽ പരമ്പര ഉറപ്പിക്കാം. ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകിയപ്പോൾ, പേസർ ജസ്പ്രീത് ബുംറയും രവി ബിഷ്ണോയിയും പ്ലെയിങ് ഇലവനിലെത്തി. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് നിലനിൽപിന്റെ പോരാട്ടമാണിത്. ആദ്യ രണ്ട് കളികളിൽ യഥാക്രമം പത്തും ആറും റൺസാണ് സഞ്ജു നേടിയത്.
ഇനിയും നിരാശപ്പെടുത്തിയാൽ താരത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യ ചിഹ്നമാകും. ആദ്യ രണ്ട് മത്സരങ്ങളും അധികം വിയർക്കാതെയാണ് ആതിഥേയർ ജയിച്ചത്. നാഗ്പുരിൽ മിന്നിയത് അഭിഷേക് ശർമയും റിങ്കു സിങ്ങുമാണെങ്കിൽ റായ്പുരിൽ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും ഊഴമായിരുന്നു. ശ്രേയസ് അയ്യരെ ബെഞ്ചിലിരുത്തിയാണ് ഇഷാന് അവസരം നൽകിയത്. വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയാണ് താരം.
കഴിഞ്ഞ കളികളിൽ വിക്കറ്റ് കാത്ത സഞ്ജു വീണ്ടും പരാജയപ്പെടുന്ന പക്ഷം ഇഷാനെ ഗ്ലൗസ് ഏൽപിക്കാനും ശ്രേയസ്സിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും ടീം മാനേജ്മെന്റ് നിർബന്ധിതരാവും. മറ്റു പ്രശ്നങ്ങളൊന്നും ഇന്ത്യൻ ക്യാമ്പിൽ നിലവിലില്ല. ഏകദിന പരമ്പര നേടിയ കിവികൾക്ക് സമാനപ്രകടനം ആവർത്തിക്കാൻ മൂന്നാം ട്വന്റി20യിൽ വിജയം അനിവാര്യമാണ്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, ഹർഷിത് റാണ.
ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ടീം സീഫെർട്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ഇഷ് സോഡി, മാർക്ക് ചാപ്മാൻ, റചിൻ രവീന്ദ്ര, കൈൽ ജാമിസൻ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി
