നിർണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ്, ആദ്യം പന്തെറിയും; പ്രസിദ്ധിനു പകരം അർഷ്ദീപ് ഇലവനിൽ



ഇന്ദോർ: ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ചു. പ്രസിദ്ധ് കൃഷ്ണക്കു പകരം അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കിവീസ് ടീം കഴിഞ്ഞ മത്സരത്തിലെ ഇലവനെ നിലനിർത്തി. മൂന്ന് മത്സര പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം ജ‍യിച്ചുനിൽക്കുന്നതിനാൽ, ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

പ്ലേയിങ് ഇലവൻ

  • ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, കുൽദീപ് യാദവ്
  • ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, മിച്ചൽ ഹേ, ഹെൻറി നിക്കോൾസ്, വിൽ യങ്, സാക്ക് ഫോൾക്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്ഡൻ ലെനോക്സ്

ഏകദിന സംഘത്തിന്റെ നായകനെന്ന നിലയിൽ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും വിജയം അനിവാര്യമാണ്. ടെസ്റ്റിൽ നിന്നും ട്വന്റി20യിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന വെറ്ററൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമക്കും ഫോം തുടരേണ്ടതുമുണ്ട്. 1989ന് ശേഷം ഒരു ഏകദിനം ന്യൂസിലൻഡ് ഇന്ത്യയിൽ നേടിയിട്ടില്ല.

രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ പ്രമുഖ ബാറ്റർമാർ പലരും പരാജയപ്പെട്ടതാണ് തോൽവിയുടെ പ്രധാന ഹേതു. കെ.എൽ. രാഹുൽ സെഞ്ച്വറിയുമായും ഗിൽ അർധശതകം നേടിയും മിന്നിയത് ആശ്വാസം. എന്നാൽ, ഡാരിൽ മിച്ചലിന്റെ ഉജ്ജ്വല സെഞ്ച്വറി ഇന്നിങ്സ് മെൻ ഇൻ ബ്ലൂവിന്റെ പ്രതീക്ഷകൾ പാടേ തകർത്തു.



© Madhyamam