ഏകദിനം മാത്രമല്ല, കിവീസിനെതിരെ ടി20 പരമ്പരയും വാഷിങ്ടൺ സുന്ദറിന് നഷ്ടമാകും



ചെന്നൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് കളിക്കാനാകില്ല. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയാണിത്. വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിനിടെയാണ് സുന്ദറിന് വാരിയെല്ലിന് താഴെയായി പേശീവലിവ് അനുഭവപ്പെട്ടത്. സ്കാനിങ്ങിന് ശേഷം ഡോക്ടർമാർ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു.

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ടീമിൽ സുന്ദർ ഉൾപ്പെട്ടിട്ടുള്ളതിനാൽ, പരിക്ക് വഷളാകാതിരിക്കാൻ ബി.സി.സി.ഐ മെഡിക്കൽ ടീം അദ്ദേഹത്തിന് പൂർണ വിശ്രമം അനുവദിക്കുകയായിരുന്നു. അടുത്തയാഴ്ച മുതൽ സുന്ദർ ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സക്കും കായികക്ഷമത വീണ്ടെടുക്കുന്നതിനുമായി എത്തും.

2017ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചശേഷം പരിക്കുകൾ കാരണം 2021ലെയും ‘22ലെയും ട്വന്റി20 ലോകകപ്പുകൾ താരത്തിന് നഷ്ടമായിരുന്നു. ഇത്തവണ ലോകകപ്പ് ടീമിൽ ഇടംപിടിച്ച സുന്ദറിന് വാണ്ടും പരിക്ക് വെല്ലുവിളിയായിരിക്കുകയാണ്. പരിക്കിനിടയിലും കിവീസിനെതിരെ ആദ്യ ഏകദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ സുന്ദർ, കെ.എൽ. രാഹുലിനൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചിരുന്നു. എന്നാൽ ബൗളിങ്ങിൽ അഞ്ച് ഓവർ മാത്രമാണ് അദ്ദേഹത്തിന് എറിയാൻ സാധിച്ചത്. സുന്ദറിന് പകരം ആയുഷ് ബദോനിയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



© Madhyamam