
വ്യത്യസ്തമായ പ്രമേയങ്ങളും വേറിട്ട അഭിനയമികവുമായി ഇന്ത്യൻ സിനിമാലോകത്ത് തലയുയർത്തി നിൽക്കുകയാണ് മലയാള സിനിമ. കഴിഞ്ഞ വർഷം ഒട്ടേറെ മികച്ച സിനിമകളാണ് മലയാളത്തിൽ നിർമിക്കപ്പെട്ടത്. മലയാള സിനിമയുടെ വ്യതിരിക്തതയെയും അതിശയിപ്പിക്കുന്ന പരീക്ഷണങ്ങളെയും പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരമായ ദിനേശ് കാർത്തിക്.
ഈ ആഴ്ച താൻ കണ്ട രണ്ടു മലയാള സിനിമകൾ ഏറെ അതിശയിപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേശ് കാർത്തിക് സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു. ബേസിൽ ജോസഫ് തകർത്തഭിനയിച്ച ‘പൊന്മാനും’ സന്ദീപ് പ്രദീപ് നായകനായ ‘എക്കോ’യുമാണ് ഡി.കെയുടെ മനസ്സ് കീഴടക്കിയത്. ഇത്തരം സിനിമകൾ നിർമിച്ച് സിനിമാപ്രേമികൾക്ക് സന്തോഷം പകരണമെന്ന് പോസ്റ്റിൽ ദിനേശ് കാർത്തിക് ആവശ്യപ്പെടുന്നു. പൊന്മാനിലെ ബേസിലിന്റെ അഭിനയമികവിനെയും എക്കോയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനെയും അദ്ദേഹം പേരെടുത്ത് പ്രശംസിക്കുന്നുമുണ്ട്.
‘കഴിഞ്ഞ ആഴ്ച ഞാൻ കണ്ട രണ്ട് ഉയർന്ന നിലവാരമുള്ള സിനിമകൾ
പൊൻമാൻ, എക്കോ.
പൊന്മാനിലെ ബേസിൽ ജോസഫിന്റെ അസാമാന്യ അഭിനയം… അദ്ദേഹത്തിന്റെ അഭിനയമികവിലൂടെടെയാണ് സിനിമ ജീവസ്സുറ്റതായി മുന്നോട്ടുപോകുന്നത്. സഹതാരങ്ങളും ഉറച്ച പിന്തുണ നൽകി.
ഛായാഗ്രഹണം, ലൊക്കേഷനുകൾ, വ്യതിരിക്തമായ കഥ എന്നിവയെയെല്ലാം മനോഹരമായി കൂട്ടിയിണക്കി ദിൻജിത്ത് ഒരുക്കിയ എക്കോ എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തി.
മലയാള സിനിമ തികച്ചും വ്യത്യസ്തമായ തലത്തിലാണിപ്പോൾ.
സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുന്നതിനായി ഇത്തരം കൂടുതൽ സിനിമകൾ നിർമിക്കുക’ -ഇതായിരുന്നു കാർത്തികിന്റെ ട്വീറ്റ്.
2025ൽ തിയറ്ററിലെ പണംവാരി സിനിമകളിൽ മുൻനിരയിലാണ് എക്കോ. ഇപ്പോഴും പല തിയറ്ററുകളിലും സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നുണ്ട്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയുടെ കഥയൊരുക്കിയിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, സൗരഭ് സച്ച്ദേവ, അശോകൻ തുടങ്ങി നിരവധി താരങ്ങളാണ് എക്കോയിൽ വേഷമിട്ടത്.
ജോതിഷ് ശങ്കർ സംവിധാനം ചെയ്ത് 2025 ൽ പുറത്തിറങ്ങിയ പൊൻമാൻ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ്. ജി.ആർ. ഇന്ദുഗോപൻ എഴുതിയ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ബേസിൽ ജോസഫിനുപുറമെ സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ എന്നിവരും പൊന്മാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോക്സ് ഓഫിസിൽ മികച്ച വിജയം നേടിയ ചിത്രം ഹോട്ട്സ്റ്റാറിലാണ് ഒ.ടി.ടിയിൽ റിലീസായത്.
26 ടെസ്റ്റിലും 94 ഏകദിനങ്ങളിലും ഇന്ത്യൻ കുപ്പായമിട്ട തമിഴ്നാട്ടുകാരനായ ദിനേശ് കാർത്തിക് 60 ട്വന്റി20 മത്സരങ്ങളിലും ക്രീസിലിറങ്ങി. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്, കിങ്സ് ഇലവൻ പഞ്ചാബ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ലയൺസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് വേണ്ടി ജഴ്സിയണിഞ്ഞു. ദേശീയ സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലാണ് കാർത്തികിന്റെ ജീവിത പങ്കാളി.
