
സിഡ്നി: ആസ്ട്രേലിയൻ ടെസ്റ്റ് ബാറ്റർ ഉസ്മാൻ ഖ്വാജ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. സിഡ്നിയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തോടെ താൻ കളി മതിയാക്കുമെന്ന് ഖ്വാജ വ്യക്തമാക്കി. ഓസീസിനായി ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയറിൽ 87 ടെസ്റ്റുകളിൽ പാഡണിഞ്ഞ താരം 43.39 ശരാശരിയിൽ 6,206 റൺസ് നേടിയിട്ടുണ്ട്. 16 സെഞ്ച്വറികളും 28 അർധ സെഞ്ച്വറികളും നേടിയ 39കാരനായ ഖ്വാജയുടെ മികച്ച വ്യക്തിഗത സ്കോർ 232 ആണ്. വിരമിക്കലിനെ കുറിച്ച് ഏതാനും മാസങ്ങളായി താൻ ആലോചിച്ചുവരികയായിരുന്നുവെന്ന് താരം പ്രതികരിച്ചു.
“ഈ പരമ്പക്ക് എത്തുമ്പോൾ, ഇതെന്‍റെ അവസാനത്തേത് ആയിരിക്കുമെന്ന തോന്നൽ മനസ്സിലുണ്ടായിരുന്നു. എന്‍റെ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി തോന്നുന്നു. ആസ്ട്രേലിയക്കായി നിരവധി മത്സരങ്ങളിൽ പാഡണിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കടന്നുവന്ന പാതയിൽ നിരവധിപേർക്ക് പ്രചോദനം നൽകാൻ കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നത്. പാകിസ്താനിൽനിന്ന് ഇവിടെയെത്തി ഓസീസ് ടീമിൽ കളിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ ഇപ്പോൾ എന്നെ നോക്കൂ, നിങ്ങൾക്കും അത് ചെയ്യാം. വിരമിക്കലിനെ കുറിച്ച് കുടുംബവുമായി ഏതാനും നാളുകളായി സംസാരിക്കാറുണ്ട്. ഇത് അതിനുള്ള ഏറ്റവും നല്ല അവസരമാണെന്ന് കരുതുന്നു” -ഖ്വാജ പറഞ്ഞു.
2011ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഖ്വാജ, അതേ ടീമിനെതിരെ അവസാന മത്സരവും കളിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കുട്ടിക്കാലത്ത് പാകിസ്താനിൽനിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറിയ ഖ്വാജ ഓസീസ് ടീമിൽ കളിക്കുന്ന ആദ്യ പാക് വംശജനും ആദ്യ മുസ്ലിമുമാണ്. ഒരുവർഷം മുമ്പ് ശ്രീലങ്കക്കെതിരം ഇരട്ട സെഞ്ച്വറിയടിച്ച താരത്തിന് പിന്നീട് മൂന്നക്കം കടക്കാനായിട്ടില്ല. ആഷസ് പരമ്പരക്ക് മുന്നോടിയായി താരം വിരമിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ടെസ്റ്റിനു പുറമെ ആസ്ട്രേലിയക്കായി 40 ഏകദിന മത്സരങ്ങളിലും ഒമ്പത് ട്വന്‍റി20യിലും ഖ്വാജ പാഡണിഞ്ഞിട്ടുണ്ട്.
