
മുംബൈ: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനോട് ഇന്ത്യ ദയനീയമായി തോറ്റതിനു പിന്നാലെ അസാധാരണ നടപടിയുമായി ബി.സി.സി.ഐ. ഐ.പി.എല്ലിൽ ഉൾപ്പെടെ കളിക്കുന്ന വെടിക്കെട്ട് ബാറ്റർമാരായ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും അണിനിരന്ന ഇന്ത്യയുടെ കൗമാരപ്പട 191 റൺസിനാണ് കലാശപ്പോരിൽ വീണത്.
ഗ്രൂപ്പ് റൗണ്ടിൽ പാകിസ്താനെ പരാജയപ്പെടുത്തി ടൂർണമെന്‍റിലുടനീളം അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യൻ സംഘമാണ് ഫൈനലിൽ തകർന്നടിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ സമീർ മിൻഹാസിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 26.2 ഓവറിൽ 156 റൺസിൽ അവസാനിച്ചു. യു.എ.ഇക്കെതിരെ 171 റൺസടിച്ച് ടൂർണമെന്‍റ് തുടങ്ങിയ വൈഭവിന് ഫൈനലിൽ 26 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ചെന്നൈ സൂപ്പർ കിങ്സിന്‍റെ മാത്രെയും (രണ്ട് റൺസ്) നിരാശപ്പെടുത്തി. ഫൈനലിലെ മോശം പ്രകടനത്തിൽ ഇന്ത്യൻ അണ്ടർ 19 ടീം മാനേജ്മെന്‍റിനോട് ബി.സി.സി.ഐ വിശദീകരണം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന ഓൺലൈൻ അപെക്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇന്ത്യയുടെ പരാജയം യോഗം ചർച്ച ചെയ്തു. തുടർന്നാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്. സാധാരണ നിലയിൽ ടീം മാനേജർ ടൂർണമെന്‍റിനുശേഷം ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകുന്നതാണ് പതിവ്. എന്നാൽ, ആ പതിവ് തെറ്റിച്ചാണ് വിശദീകരണം ആവശ്യപ്പെടുകയും വിഷയം ടീമിന്‍റെ മുഖ്യപരിശീലകൻ ഹൃഷികേശ് കനിത്കറിനോടും ക്യാപ്റ്റൻ മാത്രെയോടും ചർച്ച ചെയ്യാനും ബി.സി.സി.ഐ തീരുമാനിച്ചത്.
ഫൈനലിൽ നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. വൈഭവും മാത്രെയും പാകിസ്താൻ താരങ്ങളോട് തട്ടിക്കയറുന്നതിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 12ാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ കീഴടക്കിയാണ് പാകിസ്താൻ രണ്ടാം തവണയും ജേതാക്കളായത്. 113 പന്തിൽ ഒമ്പത് സിക്സും 17 ഫോറും ഉൾപ്പെടെ 172 റൺസാണ് മിൻഹാസ് നേടിയത്. മിൻഹാസാണ് കളിയിലെയും ടൂർണമെന്റിലെയും താരം. പത്താമനായി ക്രീസിലെത്തിയ ദീപേഷ് ദേവേന്ദ്രനാണ് (16 പന്തിൽ 36) ഇന്ത്യയുടെ ടോപ് സ്കോറർ.നാല് വിക്കറ്റ് വീഴ്ത്തിയ പേസർ അലിറാസയാണ് ഇന്ത്യക്ക് കനത്ത ആഘാതം ഏൽപിച്ചത്.
സീനിയർ ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. അതേസമയം, ടീം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഒരുക്കത്തിലാണ്.
