ഗില്ലിന് പരിക്ക്, ഓപ്പണറായി സഞ്ജു എത്തുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി20 മത്സരം വൈകുന്നു



ലഖ്നോ: മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി20 മത്സരം വൈകുന്നു. ലഖ്നോവിൽ വൈകീട്ട് 6.30നാണ് ടോസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കടുത്ത മഞ്ഞുവീഴ്ച കാരണം ടോസ് അനിശ്ചിതമായി നീളുകയാണ്.

ഏഴോടെ അമ്പയർമാർ ഗ്രൗണ്ടിലെത്തി പരിശോധിച്ചെങ്കിലും മത്സരം നടത്താനുള്ള സാഹചര്യമല്ലെന്ന് കണ്ടെത്തി. അടുത്ത പരിശോധന 7.30നാണ്. കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ കളിക്കുന്നില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി എത്തിയേക്കും. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് കളിക്കാൻ അവസരം നൽകിയിരുന്നില്ല. ഇന്ന് ജയം ആവർത്തിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 2-1ന് മുന്നിലാണിപ്പോൾ ആതിഥേയർ. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നിലനിൽപ്പ് പോരാട്ടമാണ്.

ക്യാപ്റ്റൻ സൂര്യകുമാർ യാദവമടക്കമുള്ള ബാറ്റർമാർ വലിയ സ്കോർ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് തലവേദനയായിട്ടുണ്ട്. 2025ൽ ഇന്ത്യൻ ജഴ്സിയിൽ ഒരു അർധശതകംപോലും സൂര്യയുടെ പേരിലില്ല. പരമ്പരയിൽ ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത് 12, 5, 12 എന്നിങ്ങനെ സ്കോറുകളാണ്. ഫോമിലുള്ള സഞ്ജു സാംസണെപ്പോലെയുള്ളവർ പുറത്തിരിക്കുമ്പോഴാണ് മുൻനിര ബാറ്റർമാർ പലരും റൺസ് കണ്ടെത്താതെ വിഷമിക്കുന്നത്. സ്പിന്നർ കുൽദീപ് യാദവിനും പേസർ ഹർഷിത് റാണക്കും മൂന്നാം മത്സരത്തിൽ അവസരം നൽകിയിരുന്നു.

രണ്ടാം മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചെത്തിയ പ്രോട്ടീസിന് ധരംശാലയിൽ പക്ഷെ, ഏകപക്ഷീയമായി കീഴടങ്ങേണ്ടി വന്നു. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര അടിയറവെച്ചിരുന്നു. ട്വന്റി20 പരമ്പരയും നേടി മടങ്ങാനാണ് എയ്ഡൻ മാർകറത്തിന്റെ സംഘത്തിന്റെയും നീക്കങ്ങൾ.

ടീം ഇവരിൽനിന്ന്;

ഇന്ത്യ:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഷഹ്ബാസ് അഹ്മദ്.

ദക്ഷിണാഫ്രിക്ക:

എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻട്രിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്.



© Madhyamam