ദോഹ: പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ആഗോള ഫുട്‌ബാൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ചരിത്രത്തിലാദ്യമായി പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് ഗോളടിച്ചു കയറ്റിയ ഡെംബലക്കായിരുന്നു ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരവും. ബാഴ്സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റി തുടർച്ചയായ മൂന്നാം തവണയും മികച്ച വനിതാ താരമായി. ബാലൺ ഡി ഓർ പുരസ്കാരവും താരത്തിനാണ്. സ്പെയിനിനായും ബാഴ്‌സലോണക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്.
ബാഴ്സലോണയുടെ ലമീൻ യമാലിനെയും ആഴ്സണലിന്‍റെ ഡെക്ലാൻ റൈസിനെയും പിന്തള്ളി മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് അർജന്‍റീനയുടെ സാന്‍റിയാഗോ മേണ്ടിയേൽ നേടി. പി.എസ്.ജിയുടെ ലൂയിസ് എൻറിക്വെ മികച്ച പരിശീലനകനായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചത് സ്പാനിഷ് പരിശീലകൻ എൻറിക്വെയാണ്.
മറ്റ് പുരസ്‌കാരങ്ങള്‍
പുരുഷ ടീം പരിശീലകൻ -ലൂയിസ് എൻറിക്വെ (പി.എസ്.ജി)
വനിതാ പരിശീലക – സറീന വീമാൻ (ഇംഗ്ലണ്ട് ടീം)
പുഷ്‌കാസ് അവാർഡ് – സാന്‍റിയാഗോ മോണ്ടിയേൽ
മാർത്ത പുരസ്കാരം- ലിസ്ബെത്ത് ഒവല്ലെ
ഗോൾകീപ്പർ- ജിയാൻലൂയി ഡൊണ്ണരുമ്മ
വനിതാ ഗോൾകീപ്പർ- ഹന്ന ഹാംപ്റ്റൺ
ഫിഫ ബെസ്റ്റ് പുരുഷ ഇലവൻ
ജിയാൻലൂയി ഡൊണ്ണരുമ്മ (ഗോൾകീപ്പർ)
അഷ്റഫ് ഹക്കീമി, വില്ല്യം പാച്ചോ, വെർജിൽ വാൻ ഡെയ്ക്, ന്യൂനോ മെൻഡിസ് (പ്രതിരോധം)
കോൾ പാമാർ, ജൂഡ് ബെല്ലിങ്ഹാം, വിറ്റിന, പെഡ്രി (മധ്യനിര)
ലമീൻ യമാൽ, ഉസ്മാൻ ഡെംബെലെ (മുന്നേറ്റനിര)
