കൊൽക്കത്ത: ലയണൽ മെസ്സിയുടെ പര്യടനമായ ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ മുഖ്യ സംഘാടകൻ ശതാദ്രു ദത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ശനിയാഴ്ച കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ ദത്തയെ ബിധാനഗർ സബ് ഡിസ്ട്രിക്റ്റ് കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്റ്റേഡിയത്തിൽ മെസ്സി ആരാധകരെ അഭിവാദ്യം ചെയ്യവെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
മൈതാനം കൈയേറിയ കാണികൾ കസേരയും ബോർഡുകളുമടക്കം കൈയിൽക്കിട്ടിയതെല്ലാം നശിപ്പിച്ചു. സ്റ്റേഡിയത്തിനു പുറത്ത് പൊലീസുമായും ഏറ്റുമുട്ടി. ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ദത്ത അറിയിച്ചിട്ടുണ്ട്. മെസ്സിയുടെ ഹൈദരാബാദിലെ പരിപാടിയിൽ പങ്കെടുക്കാനായി യാത്ര തിരിക്കവെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽവെച്ചാണ് ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന്, ഞായറാഴ്ച കോടതിയിൽ ഹാജരാക്കി.
സാൾട്ട് ലേക്കിലെ മുന്നൊരുക്കത്തിൽ അതൃപ്തിയുമായി മെസ്സി
കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടത്തിയ മുന്നൊരുക്കത്തിൽ ലയണൽ മെസ്സി അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ഫുട്ബാൾ താരം ലാൽകമൽ ഭൗമിക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷം രണ്ട് സൈഡിലൂടെ നടക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് താരം മറ്റുള്ളവരോട് ചോദിച്ചുവെന്നും ഭൗമിക് പറയുന്നു. മുൻ ഇന്ത്യൻ താരം ദീപേന്ദു ബിശ്വാസ്, മെസ്സിയുടെ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് ഓപൺ ജീപ്പിലാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി. ആയിരങ്ങൾ നൽകിയാണ് കാണികൾ മത്സരം കാണാനെത്തിയത്. അവർ മെസ്സിയെ കാണാൻ വേണ്ടിയാണ് വന്നതെന്നും ബിശ്വാസ് പറഞ്ഞു. സ്റ്റേഡിയത്തിൽനിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് മെസ്സിയും സംഘവും പരിപാടി നിർത്തി മടങ്ങുകയാണെന്ന് അറിയിച്ചത്. അപ്പോൾ അവിടെയുണ്ടായിരുന്ന സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ തുടരണമെന്ന് മെസ്സി അഭ്യർഥിച്ചുവെങ്കിലും താരം തയാറായില്ല.
