
ബ്രിസ്ബേൻ: ഇടവേളക്ക് ശേഷം പേസർ പാറ്റ് കമ്മിൻസ് ആസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്കേറ്റ് കുറേനാളായി വിശ്രമത്തിലായിരുന്ന കമ്മിൻസിന് ആഷസ് ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കളിക്കാനാവും. ഇതോടെ സ്റ്റീവൻ സ്മിത്തിൽനിന്ന് നായകസ്ഥാനവും അദ്ദേഹം ഏറ്റെടുക്കും.
അതേസമയം, മറ്റൊരു പേസർ ജോഷ് ഹേസിൽവുഡ് സംഘത്തിൽനിന്ന് പുറത്തായി. പരിക്കേറ്റ താരം ആദ്യ രണ്ട് മത്സരങ്ങൾ കളിച്ചിരുന്നില്ലെങ്കിലും അഡലെയ്ഡിൽ ഡിസംബർ 17ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ് ആതിഥേയരിപ്പോൾ.
